ലോകത്തിനു മുന്നില്‍ സൗദിയെ വാനോളം ഉയര്‍ത്തിയ അബ്ദുല്ല രാജാവ്


തിരുഗേഹങ്ങളുടെ സേവകന്‍ എന്ന പേരു സ്വീകരിച്ചു സൗദി അറേബ്യയില്‍ 20 കൊല്ലം ഭരണം നടത്തിയ അബ്ദുള്ള രാജാവ് ലോകത്തിനു മുന്നില്‍ സൗദി അറേബ്യയുടെ യശസുയര്‍ത്തിയ നേതാവായിരുന്നു. തീവ്രവാദത്തിനും ഭീകരവാദത്തിനുമെതിരേ ശക്തമായ നിലപാടെടുത്ത അദ്ദേഹം വികസന കാര്യത്തില്‍ ലോകത്തിനു മാതൃകയായി.
സാമ്പത്തിക രംഗത്ത് വന്‍തോതില്‍ വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതിന് നിയമങ്ങള്‍ ഭേദഗതി ചെയ്തു ലോകത്തിലെ ഏറ്റവും വലിയ നിക്ഷേപ സൗഹൃദ രാജ്യങ്ങളുടെ പട്ടികയില്‍ ഇടംപിടിക്കുവാന്‍ സൗദി അറേബ്യയ്ക്ക് ഇദ്ദേഹത്തിന്റെ കാലയളവില്‍ സാധിച്ചു. മികച്ച നിക്ഷേപ സൗഹൃദ രാജ്യങ്ങളുടെ പട്ടികയില്‍ 2005-ല്‍ 67-ാം സ്ഥാനത്തായിരുന്ന സൗദി 2010-ല്‍ എട്ടാം സ്ഥാനത്തെത്തി. അതേ വര്‍ഷം 21000 കോടി രൂപയുടെ വിദേശ നിക്ഷേപം രാജ്യത്ത് കൊണ്ടുവന്നു. ജി-20 കൂട്ടായ്മയില്‍ സൗദിക്കു അംഗത്വം ലഭിച്ചതോടെ ആഗോളതലത്തില്‍ സൗദ്യയുടെ കുതിപ്പു വാനോളമായി.
ആഗോളതലത്തില്‍ ബഹുവാദ സംഗമം സംഘടിപ്പിച്ചുകൊണ്ട് വിവിധ മുസ്‌ലിം വിഭാഗങ്ങള്‍ക്കിടയില്‍ സമന്വയം ഉണ്ടാക്കുന്നതിനും വത്തിക്കാനില്‍ ചെന്ന് പോപ്പിനെ കാണുവാനും അബ്ദുള്ളാ രാജാവ് തയ്യാറായി. ബഹുമത സംവാദത്തിന് അന്താരാഷ്ട്ര കേന്ദ്രം സ്ഥാപിച്ചു. സംഘര്‍ഷ ഭൂമിയായ പശ്ചിമേഷ്യയില്‍ സമാധാനത്തിനായി പദ്ധതികള്‍ ആവിഷ്‌ക്കരിച്ചു. ഭീകരതയുടെ നാമ്പ് മുളയിലെ നുള്ളാന്‍ അദ്ദേഹത്തിനായി. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കു വധശിക്ഷ നല്‍കിയ ഭരണാധികാരിയായിരുന്നു അദ്ദേഹം.
ലോകത്തിലിന്നുവരെ കണ്ടെത്തിയ എണ്ണ നിക്ഷേപത്തിന്റെ നാലിലൊന്ന് സ്വന്തമായി കൈവശം വെയ്ക്കുന്ന സൗദി അറേബ്യ എണ്ണ ഉല്പാദകരുടെ സംഘടനയായ ഒപെക്കിലെ പ്രധാന അംഗമാണ്. എന്നാല്‍ എണ്ണ വില പകുതിയിലധികം കുറഞ്ഞിട്ടും കുലുങ്ങാതെ ഉല്പാദനത്തില്‍ കുറവു വരുത്താതെ ലോകത്തിനു മുന്നില്‍ തലയുയര്‍ത്തി നില്‍ക്കുകയായിരുന്നു സൗദി. ജനങ്ങള്‍ക്ക് മേല്‍ അമിത നികുതിയോ, വില വര്‍ധനവോ വരുത്താതെ ജനസേവകനായി ഈ ഭരണാധികാരി മാറി.
ആഗോള സാമ്പത്തിക പ്രതിസന്ധി ലോക വന്‍ശക്തികളെയും മറ്റു ഗള്‍ഫ് രാജ്യങ്ങളെയും പിടിച്ച് കുലുക്കിയപ്പോള്‍ സൗദിഅറേബ്യ മാത്രമാണു പതറാതെ നിന്നത്. ഏറ്റവും ഉറച്ച സാമ്പത്തിക വ്യവസ്ഥയുമായി മധ്യ പൗരസ്ത്യ ദേശത്തെ വന്‍ശക്തിയായി ഈ കാലയളവില്‍ സൗദിഅറേബ്യ മാറ്റാന്‍ കഴിഞ്ഞു. വിദേശികള്‍ തങ്ങളുടെ രാജ്യങ്ങളിലേക്കയയ്ക്കുന്ന സമ്പത്തിന്റെ കാര്യത്തില്‍ അമേരിക്ക കഴിഞ്ഞാല്‍ രണ്ടാം സ്ഥാനത്ത് സൗദി അറേബ്യയാണ്്. രാജ്യത്ത് തൊഴിലെടുക്കുന്ന 80 ലക്ഷം വിദേശ തൊഴിലാളികള്‍ ഓരോ മാസവും 9 ബില്ല്യന്‍ റിയാല്‍ വിദേശത്തേക്ക് അയയ്ക്കുന്നു. വിദേശികള്‍ക്ക് അവരുടെ തൊഴിലിടങ്ങളില്‍ സ്വദേശികള്‍ക്ക് നല്‍കിവരുന്ന എല്ലാ ആനുകൂല്യങ്ങളും അവകാശങ്ങളും നല്‍കി എന്ന് മാത്രമല്ല അവരുടെ വരുമാനത്തിനുമേല്‍ മറ്റു രാജ്യങ്ങളെപ്പോലെ നികുതി ഏര്‍പ്പെടുത്താനും രാജ്യം തയ്യാറായില്ല. ഇത്തരമൊരു നീക്കം ഒരു ചെറിയ ന്യൂനപക്ഷത്തിന്റെ ഭാഗത്ത് നിന്നു എതിര്‍പ്പുണ്ടാക്കിയപ്പോള്‍ മന്ത്രിസഭയില്‍ അതിനെ എതിര്‍ത്ത് തോല്‍പ്പിക്കാന്‍ അദ്ദേഹത്തിനായി.
സക്കാത്തു നല്‍കുന്ന മാംസം പട്ടിണി രാജ്യങ്ങളിലേക്കു കയറ്റി അയച്ചു തുടങ്ങിയത് ലോക ചരിത്രത്തിലെ വിപ്ലവങ്ങളുടെ കണക്കില്‍ പെടുത്താം. 60,000 കോടി റിയാല്‍ മൂലധനമുള്ള രാജ്യത്തെ അയിരത്തോളം വ്യവസായ ശാലകള്‍ ആറരലക്ഷം പേര്‍ തൊഴിലെടുക്കുന്നു. വിദ്യാഭ്യാസ രംഗത്ത് വമ്പിച്ച കുതിച്ചുച്ചാട്ടമാണ് നടത്തിയത്. യൂണിവേഴ്‌സിറ്റികളുടെ എണ്ണം എട്ടില്‍ നിന്നും 35 ആയി. ഒരു ലക്ഷത്തോളം സൗദി വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പോടെ വിദേശങ്ങളിലെ ഉന്നത യൂണിവേഴ്‌സിറ്റികളില്‍ പഠനം നടത്താന്‍ അവസരമുണ്ടാക്കി. തൊഴില്‍ രംഗത്ത് സ്വദേശിവത്കരണം ഊര്‍ജിതമായിരുന്നതോടൊപ്പം തൊഴില്‍രഹിതരായ യുവാക്കള്‍ക്ക് തൊഴിലില്ലായ്മ വേതനം നല്‍കാനും രാജ്യം തയ്യാറായി.
വിശുദ്ധ നഗരങ്ങള്‍ സ്ഥിതിചെയ്യുന്ന രാജ്യമെന്ന നിലയില്‍ സൗദിയില്‍ ഏറ്റവുമധികം വികസന പ്രവര്‍ത്തനം നടക്കുന്ന സ്ഥലമാണു മക്കയും മദീനയും. നിരവധി വിന്‍കിട പദ്ധതികളാണ് സൗദിയില്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നത്. പതിനായിരക്കണക്കിന് കോടി നിക്ഷേപവും ലക്ഷക്കണക്കിന് തൊഴിലവസരവുമുണ്ടാക്കിയ റാബിഗ് ഹായില്‍, ജിസാല്‍, കിംഗ് അബ്ദുല്ല ശാസ്ത്രസാങ്കേതിക സര്‍വ്വകലാശാല, മദീന ഇക്കണോമികസ് സിറ്റി, നാനോ ഗവേഷണ കേന്ദ്രം, റിയാദിലെ കിംഗ് അബ്ദുല്ല ഫിനാന്‍ഷ്യല്‍ സെന്റര്‍, റെയില്‍വേ പാതകള്‍, യൂണിവേഴ്‌സിറ്റി, ജിദ്ദയില്‍ തുടക്കമിട്ട ലോകത്തിലെ ഏറ്റവും വലിയ കെട്ടിടം, കിംഗ്ഡം ടവര്‍ നിര്‍മ്മാണം എന്നിവയും സൗദിയെ ലോകത്തിനുമുന്നില്‍ ഉയര്‍ത്തിക്കാട്ടി.
പല വിദേശ രാജ്യങ്ങളിലും അവിടത്തെ സ്വദേശികളല്ലാത്തവരുടെ വരുമാനത്തിന്റെ നിശ്ചിത ശതമാനം അതേ നാട്ടില്‍ തന്നെ ചിലവഴിക്കണമെന്നു നിയമമുണ്ട്. സൗദിഅറേബ്യ അങ്ങിനെ ഒരു നിബന്ധന മുന്നോട്ടു വെയ്ക്കുന്നില്ല. സൗദിയിലെ സ്വദേശികള്‍ ഇസ്മാലിക ശരീഅത്ത് നിയമപ്രകാരം തങ്ങളുടെ വരുമാനത്തിനുമേല്‍ നിശ്ചിത ശതമാനം സക്കാത്ത് നല്‍കുവാന്‍ നിര്‍ബന്ധിക്കപ്പെടുമ്പോള്‍ ആ നിയമം പോലും വിദേശികളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നില്ല.
സ്ത്രീയുടെ വ്യക്തിത്വത്തെയും അവകാശങ്ങളെയും അങ്ങേയറ്റം മാനിച്ചുകൊണ്ടുള്ള നിയമം തുടരാനും രാജ്യത്തെ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കു പരമാവധി ശിക്ഷ നല്‍കാനും സൗദി പിന്നോട്ടു പോയില്ല. സര്‍ക്കാര്‍ ഖജനാവ് സാധാരണക്കാരന് മുമ്പില്‍ തുറന്നിട്ടുകൊണ്ട് വിദ്യാഭ്യാസത്തിനും സൗജന്യ ചികിത്സയ്ക്കും സംവിധാനങ്ങള്‍ക്കും തൊഴിലില്ലായ്മ വേതനവും സാമ്പത്തിക സഹായവും നല്‍കുന്ന ഏക രാജ്യം സൗദി അറേബ്യ മാത്രമാണ്.
ഇന്ത്യക്കാരുടെ ഏറ്റവും വലിയ തൊഴില്‍ വിപണിയായി സൗദി ഈ കാലയളവില്‍ മാറി. 20 ലക്ഷത്തോളം ഇന്ത്യക്കാരാണ് ഇവിടെ തൊഴിലെടുക്കുന്നത്. ഇതില്‍ പകുതിയിലധികവും മലയാളികളാണ്. സൗദിയിലെ ഏറ്റവും വലിയ പ്രവാസി സമൂഹവും ഇന്ത്യക്കാര്‍ തന്നെ. ഇന്ത്യ സൗദിയുമായി കാലങ്ങളായി പിന്തുടരുന്ന സൗഹൃദം കൂടുതല്‍ ഉയരങ്ങളിലേക്ക്  കടന്നു ചെന്നതും അബ്ദുള്ള രാജാവിന്റെ കാലത്താണ്. ഇന്ത്യയിലെ നേതാക്കളുടെ നിലപാടുകളും ആദര്‍ശങ്ങളും നേതൃപാടവവും എക്കാലവും സൗദി ഭരണാധികാരികള്‍ ഓര്‍മിക്കുകയും ആദരിക്കുകയും ചെയ്യുന്നു. അബ്ദുള്ള രാജാവിന്റെ ഇന്ത്യാ സന്ദര്‍ശനവും ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ സൗദി സന്ദര്‍ശനവും ഇന്താ-സൗദി സൗഹൃദത്തെ കൂടുതല്‍ സുദൃഢമാക്കി.
വാണിജ്യത്തിന് പുറമേ വിദ്യാഭ്യാസ മേഖലയിലും ഐ.ടി. രംഗത്തും  ഇന്ത്യ-സൗദി സൗഹൃദം കൂടുതല്‍ ശക്തമായി. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ വിഭാഗവുമായി റിയാദിലെ കാസ്റ്റ് ഉണ്ടാക്കിയ സഹകരണ കരാറും പാരസ്പര്യത്തിന്റെ വഴിയിലെ വഴിത്തിരിവാണ്. റിയാദില്‍ നടന്ന അറബ് ഉച്ചകോടികളിലെല്ലാം ഇന്ത്യയ്ക്ക് പ്രത്യേക ക്ഷണം ലഭിക്കാറുണ്ട്. ഇരു രാജ്യങ്ങള്‍ക്കിടയിലെ വാണിജ്യക്കരാറുകള്‍ 10000 കോടിയിലധികമാണ്.
ആധുനിക സൗദി അറേബ്യയുടെ ആദ്യത്തെ രാജാവായ അബ്ദുല്‍ അസീസ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ സൗദിന്റെ മകനായി 1924ലാണ് അബ്ദുള്ള ജനിച്ചത്. ഫഹദ് ബിന്‍ അബ്ദുല്‍ അസീസിന്റെ മരണത്തെത്തുടര്‍ന്ന് 2005ലാണ് അബ്ദുള്ള അധികാരമേല്‍ക്കുന്നത്. പത്തു വര്‍ഷത്തെ ഭരണത്തിനിടയില്‍ ഫോബ്‌സ് മാഗസിന്‍ തയ്യാറാക്കിയ ശക്തരായ ഭരണാധികാരികളുടെ പട്ടികയില്‍ അബ്ദുള്ളാ രാജാവ് ഏഴാം സ്ഥാനത്തുണ്ടായിരുന്നു. ശാസ്ത്ര സാങ്കേതിക രംഗത്തും വിദ്യാഭ്യാസ, സ്ത്രീ ശാക്തീകരണ രംഗത്തും ഒട്ടേറെ പുതിയതും മികച്ചതുമായ തീരുമാനങ്ങള്‍ അദ്ദേഹം കൊണ്ടുവന്നിട്ടുണ്ട്. 38ാം വയസ്സില്‍ അദ്ദേഹം അറേബ്യന്‍ നാഷണല്‍ ഗാര്‍ഡിന്റെ തലവനായി പൊതുരംഗത്തെത്തി.കൊട്ടാരത്തിലെ ഇസ്ലാമിക് സ്‌കൂളില്‍ നിന്ന് മതവിദ്യാഭ്യാസവും സാഹിത്യവും ശാസ്ത്രവും പഠിച്ച അബ്ദുള്ള രാജാവ് 1961 ല്‍ മക്കയുടെ മേയറായി. 1962 ല്‍ സൗദി നാഷണല്‍ ഗാര്‍ഡിന്റെ കമാന്‍ഡറായി.

Comments