പ്രണയയാത്ര

കവിത
രചന: അന്‍ഷാദ് കൂട്ടുകുന്നം



 

ഒരുവാക്കുമൊഴിയാതെ


ഒരുവേളകണ്ടുകണ്ടിരിക്കെ
മധുരമാംപാതകളേറെ
താണ്ടാന്‍കൊതിച്ചു നാം
വാഴ്ത്തിയുംവാഴിച്ചും
ചൂഡാമണിക്കഥകളയവറക്കിയും
കുഴഞ്ഞുകഴിഞ്ഞുപോകുമാനാളുകള്‍
ഒടുവില്‍പരസ്പരംബ്രഹ്മാസ്ത്രങ്ങള്‍
പ്രയോഗിക്കാനൊരുങ്ങവെ
കണ്‍മുന്നിലേറെ മധുരമാം ഓര്‍മകള്‍,
കിതച്ചുംവേച്ചുമിനിമുന്നോട്ട് നടക്കവയ്യാ
പ്രതിസംഹരിക്കാം പ്രണയാസ്ത്രത്തെ
വഴിയരുകിലുപേക്ഷിക്കാം..
മെല്ലെ മാറിനടക്കാം
കൂരമ്പുകളേല്‍ക്കാതെ...
ഇനിയുംദൂരമേറെയുണ്ടീ-
പ്പാതയവസാനിക്കാന്‍
പഴിപറയുന്നവരേറെയുണ്ടീവഴിയരുകില്‍
എങ്കിലും 'എങ്ങനെയെങ്കി'ലുമെന്നു
മൊഴിയുന്നവരോടേകാന്തയാത്രയ്ക്കു
മാധുര്യമേറുമെന്നുമാത്രം
അന്ത്യമൊഴിചൊല്ലാനല്ല,
വനയാത്രയിലവസാനിക്കാനുമല്ല
കാഠിന്യമാമൊരു പാത കൂടി
താണ്ടാനാകാത്ത പഥികനിവന്‍
പാതിവഴിയില്‍ മുറിയില്ലയീയാത്ര
ഇനിയും ദൂരമേറെയുണ്ട്
നടന്നുതീര്‍ക്കാനാക്ഷരങ്ങളെണ്ണിത്തീര്‍ക്കാന്‍
കഥപറഞ്ഞീവഴിനടക്കാന്‍
കണ്ടുതീര്‍ക്കാന്‍ കാഴ്ച്ചകളേറെയുണ്ടീവഴിയില്‍
കൂരമ്പിന്‍ മുള്ളുകളൊക്കെ ചവിട്ടിയരക്കാം
മെല്ലെ നടന്നുനീങ്ങാം ഒറ്റയ്ക്കു മാത്രം
ഒറ്റയ്ക്കു മാത്രം
പാതിവഴിയില്‍ക്കാണും
നാഥരില്ലാസത്രങ്ങളില്‍ അന്തിയുറങ്ങാമെ-
ങ്കിലുംവഴിമറന്നുയാത്ര പതിവില്ല...
ഒരുവേളയാകുന്നിന്‍
മുകളില്‍കയറണം..
അമ്പിളിമാമനെകാണണം
പണ്ടമ്മയൂട്ടിയചോറിനൊപ്പം
സ്വപ്‌നങ്ങള്‍കാണാന്‍
പഠിപ്പിച്ചവനാണോയെന്നു ചോദിക്കണം
പിന്നെമടങ്ങണം, ഏറെ നടക്കണം
നടന്നുനടന്നുതീര്‍ക്കണം
പിന്നെയാമരച്ചുവട്ടില്‍ തളര്‍ന്നുറങ്ങണം....

Comments