ബ്രോസ്റ്റഡ്‌ പ്രണയം

കണ്ണാടിയില്‍ നോക്കിയിരിക്കുമ്പോഴാണ്‌ നെറ്റിയില്‍ കുരുക്കള്‍ കൂടിവരുന്നതായി അയാള്‍ മനസിലാക്കിയത്‌. പണ്ട്‌ കോളെജില്‍ പഠിക്കുമ്പോഴായിരുന്നെങ്കില്‍ നെറ്റിയിലെ ഓരോ കുരുക്കളും ഓരോ പ്രേമമായി കണക്കാക്കാമായിരുന്നു...
ഈ അമ്പതാം വയസിലും പ്രേമമെന്നു പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ? സൗദി അറേബ്യയിലെ ചിക്കന്‍ ബ്രോസ്റ്റഡും കപ്‌സെയുമൊക്കെ കഴിക്കുന്നതു കൊണ്ടാകാം തന്റെ നെറ്റിയില്‍ കുരുക്കള്‍ കൂടുന്നതെന്നു വിശ്വസിച്ച്‌ അയാള്‍ കുറേ നാളത്തേക്ക്‌ ഇതൊന്നും കഴിക്കേണ്ടെന്നു വിചാരിച്ചതാണ്‌. എന്നാല്‍ കൊതി മുന്നോട്ടും നാണം പിന്നോട്ടുമായാലോ... ബ്രോസ്റ്റഡ്‌ വില്‍ക്കുന്ന ഫാസ്റ്റ്‌ ഫുഡ്‌ ശാലയുടെ അരികിലൂടെ പോകുമ്പോള്‍ ആരോ തന്നെ വലിച്ച്‌ അകത്തു കയറ്റുന്നതു പോലെ അയാള്‍ക്കു തോന്നും. ഇതു പതിവാണ്‌. ക്യാന്റീനില്‍ മാസം 250 റിയാല്‍ നല്‍കണം ആഹാരത്തിന്‌. ഇതിനു പുറമേ ബ്രോസ്റ്റഡിനും വേണം കുറെയധികം രൂപ....

തിന്നാതെ ജീവിച്ചിട്ടെന്താ എന്നാണ്‌ ഇതിനൊക്കെ അയാള്‍ സ്വയം നല്‍കുന്ന ന്യായീകരണം. തനിക്കു ബ്രോസ്റ്റഡിനോടുള്ള പ്രണയത്തിന്റെ പ്രതിഫലനമാണോ നെറ്റിയില്‍ പതിയുന്നതെന്ന്‌ അയാള്‍ക്കു തോന്നി.
ആറുമാസം മുമ്പാണ്‌ സുഹൃത്ത്‌ മുഖാന്തിരം റിയാദില്‍ എത്തുന്നത്‌. സുഹൃത്ത്‌ പ്രിന്‍സിപ്പാളായ സ്‌കൂളില്‍ അധ്യാപകനായിട്ട്‌. നാട്ടില്‍ അണ്‍എയ്‌ഡഡ്‌ സ്‌കൂളില്‍ പഠിപ്പിച്ചു ഭാര്യയ്‌ക്കും കുട്ടികള്‍ക്കുമൊപ്പം കഴിഞ്ഞുകൂടവെയാണ്‌ ഗള്‍ഫിലേക്കുള്ള പലായനം. ഇസ്‌മയില്‍ മാസ്റ്ററിന്‌ ഇഷ്‌ടമുണ്ടായിട്ടല്ല, ഗള്‍ഫിലെത്തിയത്‌. ``മൂത്തമകള്‍ ഒന്‍പതാം ക്ലാസിലെത്തി, കല്യാണത്തിനുള്ള പണ്ടം ഒരുക്കണ്ടേ, കടങ്ങളൊക്കെ തീര്‍ത്ത്‌ മക്കളെയൊക്കെ ഇറക്കേണ്ടേ...'' തന്നെക്കാള്‍ തന്റെ കാര്യത്തില്‍ ശ്രദ്ധ നാട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കുമാണെന്നു അവരുടെ കുത്തുവാക്കുകളില്‍ നിന്ന്‌ അയാള്‍ക്ക്‌ മനസിലായി.
സുഹൃത്ത്‌ നാട്ടില്‍ എത്തിയപ്പോള്‍ ഗള്‍ഫില്‍ ഒരു ജോലി നോക്കണമെന്നു ഭാര്യയെ ബോധിപ്പിക്കാന്‍ വെറുതെ പറഞ്ഞതാണ്‌. പക്ഷേ വിസ ശരിയായി. ഗള്‍ഫിലേക്കു വരാന്‍ ഒരുങ്ങിക്കോളൂവെന്നു പറഞ്ഞപ്പോഴാണ്‌ കാര്യത്തിന്റെ ഗൗരവം പിടികിട്ടുന്നത്‌. സ്‌കൂളില്‍ കുറിച്ചിട്ടിയും മറ്റും നടത്തി അല്ലറ ചില്ലറ വരുമാനം കൊണ്ട്‌ തട്ടിമുട്ടി പോകുകയായിരുന്നു... ആകെ ഒരു ആശയക്കുഴപ്പം.. പക്ഷേ മക്കളുടേയും ഭാര്യയുടേയും നിര്‍ബന്ധത്തിന്‌ ഒടുവില്‍ വഴങ്ങേണ്ടിവന്നു. എല്ലാം പക്ഷേ പടച്ചോന്റെ വിധിക്ക്‌ അയാള്‍ വിട്ടു... ഗള്‍ഫുകാരുടെ മക്കള്‍ ഓരോ സാധനവുമായി ക്ലാസിലെത്തുന്നതു കാണുമ്പോഴുണ്ടാകുന്ന കൊതി ഇംഗ്ലീഷ്‌ മീഡിയത്തില്‍ പഠിക്കുന്ന ഏതു കുട്ടികള്‍ക്കുമുണ്ടാകും...പ്രത്യേകിച്ചു ഗള്‍ഫുകാരുടെ മക്കള്‍ മാത്രം പഠിക്കുന്ന സ്‌കൂള്‍ ആകുമ്പോള്‍. ``കുട്ടികളും അത്രയേ ആഗ്രഹിച്ചുള്ളൂ... വല്ലപ്പോഴും കുറേ ചോക്ലേറ്റ്‌... പുത്തനുടുപ്പ്‌.. അത്തര്‍... അങ്ങനെ ചിലതു മാത്രം...''
സ്‌കൂളില്‍ നിന്നു തന്നെ എങ്ങോട്ടെങ്കിലും മാറ്റണമെന്നു ഭാര്യയ്‌ക്കു നിര്‍ബന്ധം ഉണ്ടായിരുന്നുവെന്നു തോന്നിപ്പിക്കത്തക്ക രീതിയിലായിരുന്നു കാര്യങ്ങള്‍. കാരണം ഒരിക്കല്‍ മലയാളം അധ്യാപിക വത്സല ടീച്ചറെ താന്‍ ``മുത്തേ''യെന്നു വിളിച്ചത്‌ ഭാര്യ കേട്ടിരുന്നു. അറബി ടീച്ചറായ ഭാര്യയും ഇസ്‌മയില്‍ മാസ്റ്ററും ഒരേ സ്‌കൂളില്‍ ജോലി ചെയ്യാന്‍ തുടങ്ങിയിട്ട്‌ 15 വര്‍ഷമായി. മക്കളേയും സുഹൃത്തുക്കളേയുമെല്ലാം മുത്തേ, കരളേ എന്നു സംബോധന ചെയ്യുന്നതു അയാളുടെ സ്വഭാവമായിരുന്നു.. പക്ഷേ വത്സല ടീച്ചര്‍ എന്തോ കാര്യം പറഞ്ഞപ്പോള്‍ ദേഷ്യം കൊണ്ടാണ്‌ ``ഹൊ എന്റെ മുത്തേ'' എന്നു വിളിച്ചത്‌. പക്ഷേ ഭാര്യ കേട്ടതോടെ പിന്നെ ആരേയും വിളിക്കേണ്ടി വന്നില്ല.. പൊടിപൂരമായിരുന്നു അന്ന്‌ വീട്ടില്‍.. മക്കളുടെ വാക്കുകള്‍ പോലും വകവെയ്‌ക്കാതെ ഭാര്യ ഉറഞ്ഞുതുള്ളി....
``ഇയാള്‍ ചതിയനാണ്‌ മക്കളേ...''
മറിച്ചൊന്നും പറയാതെ അയാള്‍ വിചാരണ കോടതിയില്‍ മൗനം അവലംബിച്ചു. കുറ്റബോധം കൊണ്ടല്ല, തന്റെ ഭാഗത്ത്‌ തെറ്റില്ലെന്ന്‌ അയാള്‍ ഉറച്ചുവിശ്വസിച്ചെങ്കിലും കോടതി നല്‍കുന്ന എന്തു ശിക്ഷയും ഏറ്റുവാങ്ങാന്‍ ഒരുങ്ങിനിന്നു...കണ്ണീരില്‍ കുതിര്‍ന്ന ആക്ഷേപങ്ങള്‍, അത്താഴവും രാവിലെയും ഭക്ഷണവും വിലക്ക്‌. `എന്താ വത്സല കൊണ്ടുവരില്ലേ ആഹാരം'.മൂര്‍ച്ചയുള്ള വാക്കുകള്‍ കഠാര പോലെ മനസിനെ കുത്തിനോവിച്ചു. മൗനം വിദ്വാനു മാത്രമല്ല, നല്ല കുടുംബജീവിതത്തിനും ഭൂഷണമെന്ന്‌ അയാള്‍ മനസിലാക്കി.
മറ്റൊരിക്കല്‍ സ്‌കൗട്ട്‌ അധ്യാപകന്‍ കൊണ്ടുവന്ന ഫോട്ടോ കാണാനെത്തിയ വത്സല ടീച്ചര്‍ ഇസ്‌മയില്‍ മാസ്റ്ററുടെ സീറ്റിനരികിലിരുന്നു എത്തി ഫോട്ടോയിലേക്കു നോക്കി... ഭാര്യ അടുത്തെത്തിയപ്പോഴാണ്‌ വത്സല ടീച്ചര്‍ ഇരിക്കുന്നത്‌ മാസ്റ്റര്‍ ശ്രദ്ധിച്ചത്‌.
``അങ്ങ്‌ കേറി മടിയിലിരുന്നോടി!''.. ഭാര്യ അക്രോശിക്കുകയായിരുന്നു. എല്ലാവരുടേയും മുന്നില്‍ വച്ചു നാണം കെട്ട വത്സല ടീച്ചര്‍ മറുപടിയൊന്നും പറഞ്ഞില്ല. പിന്നീട്‌ ഒരിക്കല്‍ മാസ്റ്ററെ വിളിച്ച്‌ ടീച്ചര്‍ പറഞ്ഞു. `` വൈഫിന്റെ മുന്നില്‍വച്ച്‌ മാസ്റ്റര്‍ എന്നോട്‌ സംസാരിക്കരുത്‌...''
ഓരോ സംഭവങ്ങള്‍ പിന്നിടുമ്പോഴും ഭാര്യയുടെ സംശയരോഗം എല്ലാവരിലും പാട്ടായി. അതു കൊണ്ടു തന്നെ പിന്നീട്‌ ലേഡീസ്‌ ടീച്ചേഴ്‌സ്‌ അയാളോടു സംസാരിക്കാറില്ലാതായി. ഇതൊന്നും മാനിക്കാതെ സിനിമ കണ്ടും കൂട്ടുകാരോടൊത്തു വിനോദയാത്ര നടത്തിയും ഭാര്യയുടെ സംശയരോഗത്തില്‍ നിന്ന്‌ അയാള്‍ കരകയറി...
ഗള്‍ഫില്‍ ആണ്‍ പെണ്‍ സ്‌കൂള്‍ പ്രത്യേകമായതിനാലും ലേഡി ടീച്ചേഴ്‌സിനു ആണ്‍കുട്ടികളുടെ സ്‌കൂളിലും അധ്യാപകര്‍ക്കു തിരിച്ചും പ്രവേശനമില്ലെന്നു ധരിച്ചാണു ഗള്‍ഫിലേക്കു വിട്ടത്‌. പക്ഷേ ചില ലേഡീസ്‌ ടീച്ചേഴ്‌സ്‌ തങ്ങള്‍ക്കൊപ്പം ജോലി ചെയ്യുന്നുവെന്ന്‌ അറിഞ്ഞാല്‍......!
ഗള്‍ഫ്‌ ജീവിതം ഒരു മോചനമാണെന്ന്‌ പലപ്പോഴും അയാള്‍ വിചാരിക്കും. ബാച്ചിലേഴ്‌സിന്റെ കൂടെ ഒരു ലൈഫ്‌.. ഭക്ഷണം, തമാശ, കളി...ഇങ്ങനെ.. മതില്‍ക്കെട്ടിനുള്ളില്‍ നിന്ന്‌ പുറത്തുചാടിയതു പോലെ..
ലേഡി ടീച്ചേഴ്‌സ്‌ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ പഠിപ്പിക്കുന്നുവെന്ന കാര്യം ഒരിക്കല്‍ പോലും അയാള്‍ ഭാര്യയോടു പറഞ്ഞില്ല...
സന്തോഷത്തോടെ കഴിയുന്നതിനിടയ്‌ക്കാണ്‌ പണ്ടാരമടങ്ങാന്‍ ഒരു മുഖക്കുരു വന്നു പെട്ടത്‌... ഇതെങ്ങാനും ഭാര്യ അറിഞ്ഞാല്‍.. അവള്‍ എന്തൊക്കെ ചിന്തിച്ചുകൂട്ടും.. താന്‍ താമസിക്കുന്ന ഫ്‌ളാറ്റിനരികെ ഒരു അറബിയുടെ കുടുംബമുണ്ടെന്നും അറബി സ്ഥിരം ടൂറിലാകുമെന്നും അയാളുടെ ഭാര്യ തന്നെ ഇടയ്‌ക്കെപ്പോഴോ കണ്ണുകാണിച്ചു വശീകരിച്ച്‌ കൊണ്ടുപോയെന്നും ചിന്തിച്ചു കൂട്ടും... അറബി സ്‌ത്രീയുമായി പ്രേമത്തിലായതിനാലാണ്‌ മുഖക്കുരുവുണ്ടായതെന്നും ചിന്തിക്കും. ചിലപ്പോള്‍ മറ്റൊന്നായിരിക്കും ചിന്തിച്ചുകൂട്ടുക...പനി പിടിച്ചു ആശുപത്രിയില്‍ പോയപ്പോള്‍ അവിടെ വച്ച്‌ ഫിലിപ്പൈനി നഴ്‌സിനെ പരിചയപ്പെട്ടെന്നും പിന്നീട്‌ പ്രേമത്തിലായെന്നും കിനാവ്‌ കാണും...അവളെ ഇപ്പോള്‍ താനറിയാതെ കല്യാണം കഴിക്കാനുള്ള നീക്കമാണ്‌.....
ഗള്‍ഫിലേക്കു പുറപ്പെടുന്നതിനു മുമ്പത്തെ രാത്രിയില്‍ ഉറങ്ങാതെയുള്ള ഉപദേശമായിരുന്നു... ഫിലിപ്പൈനി സ്‌ത്രീകളെ നോക്കരുത്‌... വീട്ടില്‍ ഭാര്യയും മക്കളും എപ്പോഴും ഉണ്ടെന്ന കാര്യം ഓര്‍ക്കണം... പണമുണ്ടാക്കണം എന്ന ചിന്ത മതി.. ഇങ്ങനെ നീണ്ട ഉപദേശം...ഒടുവില്‍ ഒരു സത്യപ്രതിജ്ഞയും....``ഒരു സ്‌ത്രീകളുടേയും മുഖത്ത്‌ നോക്കില്ല, ഭാര്യയും മക്കളുടേയും ജീവിതമാണ്‌ എന്റെ മുന്നില്‍.. ഇത്‌ സത്യം..സത്യം...''
ഫോണ്‍ ബെല്ലടിച്ചാല്‍ ഉടനെ എടുത്തില്ലേല്‍ ``നിങ്ങട കൂട ആരാ മനുസ്യാ്‌'' എന്നാകും ആദ്യ ചോദ്യം. ഇതൊക്കെയാണെങ്കിലും തന്റെ ഭാര്യ സ്‌നേഹവതിയാണെന്നാണ്‌ മാസ്റ്ററുടെ പക്ഷം.. ജീവിതത്തിന്റെ ആകുലതയും സഹോദര?ാരില്ലാതെ വളര്‍ന്നതുമൊക്കെ അവരെ ഈ രീതിയില്‍ ചിന്തിക്കാന്‍ പ്രേരിപ്പിച്ചുവെന്ന്‌ വിശ്വസിക്കാനാണ്‌ അയാള്‍ക്ക്‌ ഇഷ്‌ടം...
കഴിഞ്ഞ ദിവസമാണ്‌ ഭാര്യയുടെ സഹോദരന്‍ ഒരു ലാപ്‌ടോപ്‌ വാങ്ങിയ കാര്യം അയാള്‍ അറിഞ്ഞത്‌. ഭാര്യയേയും മക്കളേയും കണ്ടു സംസാരിക്കാമല്ലോ എന്നു കരുതി അയാള്‍ കുടുംബവീട്ടില്‍ പോകാന്‍ ഭാര്യയോട്‌ ആവശ്യപ്പെട്ടു.. റൂംമേറ്റ്‌ ഉമര്‍ മാസ്റ്ററിനു ലാപ്‌ടോപ്‌ ഉണ്ട്‌.. അയാള്‍ എന്നും ഭാര്യയേയും മക്കളേയും ക്യാമറയില്‍ കണ്ടു സംസാരിക്കാറുമുണ്ട്‌.. അങ്ങനെ തനിക്കും ഒരു ചാന്‍സ്‌ ലഭിച്ചിരിക്കുകയാണ്‌. നാലുമാസമായി ഭാര്യയേയും മക്കളേയും കണ്ടിട്ട്‌.. അയാളുടെ മനസാകെ ഒന്നു തണുത്തു..
അയാള്‍ കുളിച്ച്‌ പൗഡറിട്ട്‌.. പെര്‍ഫ്യൂം പൂശി... ``എന്തിനാടോ ഈ രാത്രിയില്‍ ഒരു സെന്റ്‌''....``പെര്‍ഫ്യൂമിന്റെ മണം അവിടെ കിട്ടില്ല.. ഇതു ക്യാമറയിലൂടെ അല്ലേ..'' പക്ഷേ ഉമര്‍ മാസ്റ്ററുടെ പിന്തിരിപ്പന്‍ ആശയങ്ങളൊന്നും ചെയ്‌തുകൊണ്ടിരുന്ന പ്രവൃത്തിയില്‍ നിന്നു അയാളെ പിന്തിരിപ്പിച്ചില്ല...
മക്കളെല്ലാം സംസാരിച്ച ശേഷമാണു ഭാര്യ സംസാരിച്ചു തുടങ്ങിയത്‌...പെട്ടെന്നു തന്നെ അവള്‍ അയാളുടെ നെറ്റിയിലെ കുരുക്കള്‍ കണ്ടുപിടിച്ചു.. വിരഹത്തിന്റെ തീഷ്‌ണഭാവങ്ങളെല്ലാം ദംഷ്‌ട്രകളായി പുനര്‍ജീവിച്ചു. ``എന്താ നെറ്റിയില്‍ കുരുക്കള്‍?. ഇതെങ്ങനെ വന്നു?'
``ചിക്കന്‍ ബ്രോസ്റ്റഡ്‌ കഴിക്കുന്നതു കൊണ്ടാകും..'' അയാളുടെ മറുപടിക്ക്‌ ഭാര്യ ചെവിക്കൊണ്ടില്ല.. ``പിന്നേ,,,,,,,, എത്രയോ പേര്‍ ചിക്കന്‍ തിന്നുന്നു.. എന്നിട്ടു നെറ്റിയില്‍ കുരുക്കള്‍ വന്നില്ലല്ലോ..'' പൊടുന്നനെ നെഞ്ചില്‍ വാരിവിതറിയ തീക്കനല്‍ പോലെ പൊള്ളുന്ന ശബ്‌ദത്തോടെ കറുത്ത പ്രതലം സ്‌ക്രീനില്‍ നിറഞ്ഞു....ഡിം.. നെറ്റ്‌ കട്ട്‌ ചെയ്‌തു..
അയാള്‍ വീണ്ടും വിളിക്കാന്‍ ശ്രമിച്ചു. പക്ഷേ ആരും എടുക്കുന്നില്ല.. ജീവിതമാകുന്ന ഞാണി?േല്‍കളിയുടെ വാള്‍ ഇപ്പോള്‍ തന്റെ നെറ്റിമേലാണ്‌ പതിച്ചതെന്ന്‌ ഓര്‍ത്ത്‌ അയാള്‍ ഇറങ്ങിനടന്നു.... നടത്തം അവസാനിച്ചത്‌ ചൂടുള്ള ബ്രോസ്റ്റഡ്‌ കടയ്‌ക്കു മുന്നിലായിരുന്നു... അയാളെ ആ പ്രണയിനി കാത്തിരിക്കുകയായിരുന്നു....ഡൈനിങ്‌ ടേബിളിലിരുന്നു ചിക്കന്‍ ബ്രോസ്റ്റഡ്‌ നാണം കൊണ്ടു ചിരിച്ചു.. നാണം കൊണ്ടു ചുമന്ന ഭാഗങ്ങളെ അയാള്‍ ആര്‍ത്തിയോടെ കടിച്ചു തിന്നു......

Comments