മദീന വഴി മക്കയിലേക്കുള്ള തീര്‍ഥാടന ബസില്‍ ടിക്കറ്റ് എടുത്തപ്പോള്‍ അയാളുടെ കൈയും കാലും വിറച്ചിരുന്നു. ബസിന്റെ ബാക്ക് സീറ്റില്‍ ഇരുന്ന് അയാള്‍ ഉറക്കെ പ്രാര്‍ഥിച്ചുകൊണ്ടിരുന്നു. പ്രാര്‍ഥന ഉച്ചത്തിലായപ്പോള്‍ യാത്രക്കാരെല്ലാം തിരിഞ്ഞു നോക്കി. മൗലവി മൈക്കിലൂടെ പ്രാര്‍ഥനചൊല്ലിക്കൊടുത്തതോടെ ബസ് നീങ്ങി.
കുറ്റബോധത്തിന്റെ തീക്കനല്‍ ഉള്ളില്‍ കയറിയപ്പോഴാണ് അയാള്‍ അവിശ്വാസിയായി മാറിയത്. ഓരോ കുറ്റവും അയാളില്‍ ശക്തനായ ഒരു മതനിഷേധിയെ സൃഷ്ടിച്ചുകൊണ്ടിരുന്നു. മോഷ്ടിക്കുക മാത്രമല്ല, മദ്യവും നിഷിദ്ധമാക്കിയതുമായ എല്ലാം അയാളെ കൂടുതല്‍ അടിപ്പെടുത്തിക്കൊണ്ടിരുന്നു.
നരകത്തിലെ തീച്ചൂടും പാമ്പുകളും പുഴുക്കളും തേളുകളും എല്ലാം സംഭവിക്കും. കാരണം താന്‍ പാപിയാണ്. കുട്ടിക്കാലത്ത് മദറസയില്‍ ഉസ്‌താദ് പഠിപ്പിച്ച ആയത്തുകള്‍ അയാള്‍ നീട്ടി ഓതി..ഹദീസുകളും വ്യാഖ്യാനങ്ങളും പരതി. പക്ഷേ എങ്ങും വ്യഭിചരിച്ചവനും മോഷ്ടിച്ചവനും മോചനമില്ല.
നരഗത്തില്‍ ആളിക്കത്തിക്കപ്പെടുന്ന അഗ്നിയാണ്... പിന്നെയെന്തിന് ഈ ലോകത്തെ ജീവിതം കൂടി നശിപ്പിക്കുന്നത്. നരകവും സ്വര്‍ഗവുമില്ലെന്ന് അയാള്‍ മനസിനോട് ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരുന്നു. ഓരോ ദുഷ്‌പ്രവര്‍ത്തി ചെയ്യുമ്പോഴും മനസ് അയാളില്‍ നിന്നു മാറിനടന്നു.
കുട്ടിക്കാലം മുതല്‍ പണമുണ്ടാക്കാന്‍ വല്ലാത്ത ആര്‍ത്തിയായിരുന്നു. നാട്ടില്‍ 18 മണിക്കൂര്‍ ജോലി ചെയ്‌തിട്ടും ജീവിതച്ചെലവ് കഷ്ടിമുട്ടിയായിരുന്നു. സഹോദരിയെ കെട്ടിച്ച കടം തീര്‍ക്കാന്‍ നിവര്‍ത്തിയില്ല. ഉമ്മയ്‌ക്കും ബാപ്പാക്കും താമസിക്കാനായി നല്ലൊരു വീട് പണിയണം. കാര്‍ വാങ്ങണം. ഇതൊക്കെയായിരുന്നു ആഗ്രഹങ്ങള്‍. അങ്ങനെയാണ് കുറേ സ്വപ്‌നങ്ങളുമായി മജീദ് ഗള്‍ഫിലെത്തിയത്. റിയാദില്‍ നിന്ന് 350 കിലോമീറ്റര്‍ അകലെ ബുറൈദയില്‍ മില്ല് നടത്തുന്ന അറബിയുടെ കീഴിലായിരുന്നു ജോലി. ലോകസഞ്ചാരിയായ അറബി മില്ല് മജീദിനെ ഏല്‍പ്പിച്ച് യാത്രയാകും. ചിലപ്പോള്‍ മാസങ്ങള്‍ കഴിയും. ആദ്യമൊക്കെ കൃത്യം ലാഭം കൊടുത്തുകൊണ്ടിരുന്നു. പിന്നീടെപ്പോഴോ മജീദിന് തോന്നി ഓരോ ദിവസവും അധികം ജോലി ചെയ്‌തു 10 റിയാലുണ്ടാക്കി അതു മോഷ്ടിക്കാമെന്ന്. അത് പിന്നീട്‌് 100 ആയി. അങ്ങനെ ഓരോ ദിവസവും മോഷ്ടിക്കുന്ന തുക കൂടി വന്നു. മോഷ്ടിക്കുന്നവന്റെ പ്രാര്‍ഥന ദൈവം കേള്‍ക്കുമോ:? ഇല്ലെന്ന് മജീദിനറിയാം. എങ്കിലും മോഷണം എന്ന വാക്കുപയോഗിക്കാതെ പണം എടുക്കുന്നതു പൊറുക്കണേ പൊറുക്കണേ എന്നയാള്‍ അഞ്ചുനേരവും പ്രാര്‍ഥിച്ചുകൊണ്ടിരുന്നു. തന്റെ കഷ്ടപ്പാട് കൊണ്ടാണെന്നും നിവര്‍ത്തികേട് കൊണ്ടാണെന്നും ആവര്‍ത്തിച്ചുകൊണ്ടിരുന്നു.
ഭൂമി വാങ്ങി. ചെറിയ വീടു പണിതു. ബാപ്പയേയും ഉമ്മയേയും പുതിയ വീട്ടിലാക്കി. കാര്‍ വാങ്ങി. സുന്ദരിയായ ഒരു പതിനാലുകാരിയെ വിവാഹം കഴിച്ചു. വിവാഹം കഴിഞ്ഞ് 15-ാം നാള്‍ മടക്കം. അവള്‍ പറഞ്ഞതാണ് ഇനി മടങ്ങിപോകേണ്ടെന്ന്. ആവശ്യത്തിനു സ്വത്തുണ്ടാക്കിയല്ലോ. ഇനി മതിയെന്ന്. ചെറിയ കച്ചവടം ചെയ്‌തു സന്തോഷത്തോടെ നാട്ടില്‍ നില്‍ക്കാമെന്ന്.
പക്ഷേ അതൊന്നും കേട്ടില്ല. മധുവിധുവിന്റെ മാധുര്യം ചുണ്ടില്‍ നിന്നു മായുന്നതിനു മുമ്പു ഗള്‍ഫിലേക്ക് മടങ്ങി. നെഞ്ചു പൊട്ടുന്ന വിങ്ങലോടെയാണ് മടങ്ങിയത്. പകരം വന്ന ജോലിക്കാരന്‍ മില്ലിലെ ലാഭം മനസിലാക്കിയാല്‍ അറബിയോട് സത്യം അറിയിക്കും. പിന്നെ താന്‍ മടങ്ങിപ്പോയിട്ടു കാര്യമില്ല. ജയില്‍ ശിക്ഷയാകും ഫലം. അതിനാലാണ് പെട്ടെന്നുതന്നെ മടങ്ങിയത്. ഹൗസ് ഡ്രൈവര്‍ വിസയായതിനാല്‍ ഫാമിലി വിസ ലഭിച്ചില്ല. എങ്കിലും മജീദ് പണമുണ്ടാക്കല്‍ പ്രക്രിയ വീണ്ടും തുടര്‍ന്നു. കൃത്യം ആറുമാസം കഴിഞ്ഞില്ല, ഭാര്യയെ സഹോദരിപുത്രനോടൊപ്പം ഒരുമുറിയില്‍ കണ്ടെന്ന് ഉമ്മ വിളിച്ചുപറഞ്ഞു. അവളെ മൊഴിചൊല്ലാന്‍ എല്ലാവരും പറഞ്ഞെങ്കിലും മജീദ് കേട്ടില്ല... എല്ലാം താന്‍ പൊറുത്തുവെന്നും അവനോട് മേലില്‍ വീട്ടില്‍ കയറരുതെന്നും പറഞ്ഞു. പക്ഷേ 22 തികയാത്ത മരുമകനൊപ്പം അവള്‍ പോയി. പിന്നെ മജീദ് ഒന്നും ആലോചിച്ചില്ല. ആറു വര്‍ഷത്തോളം നാട്ടില്‍ പോയില്ല.
തനിക്ക് നേരിട്ട ദുഷ്‌പ്പേര് മാറിക്കിട്ടാനെന്നവണ്ണം അയാള്‍ കൂടുതല്‍ മോഷ്ടിച്ചു. ചെപ്പേളു ഷാ പച്ചക്കറിക്കൊപ്പം കടത്തിക്കൊണ്ടുവന്ന ചാരായം വാങ്ങികുടിച്ചു... ചാരായം മൂത്തപ്പോള്‍ പലപ്പോഴും അന്തിയുറക്കം പാകിസ്ഥാന്‍കാരന്റെ വ്യഭിചാര ശാലയിലാക്കി. അയാള്‍ ഭാര്യയെന്ന പേരില്‍ നാട്ടില്‍ നിന്നു ഒരു സ്‌ത്രീയെകൊണ്ടുവന്നിരുന്നു. ഓരോ ദിവസവും ഓരോ ആണുങ്ങള്‍ അവള്‍ക്കൊപ്പം ശയിച്ചു. കിട്ടുന്ന പണം മദ്യപിച്ചും പെണ്ണുപിടിച്ചും നടന്നിട്ടും തീര്‍ന്നില്ല.
ഗള്‍ഫില്‍ നിന്നു രണ്ടു മാസം ലീവിനു വന്നു മറ്റൊരു പതിനാറുകാരിയെ വിവാഹം കഴിച്ചു. നിക്കാഹ് ദിവസം തന്നെ വാശിയില്‍ നാഷണല്‍ ഹൈവേയ്‌ക്കു ചേര്‍ന്നു 50 സെന്റ് ഭൂമിയും വാങ്ങി. ഇതുവരെ മലയാള നാട് കണ്ടിട്ടില്ലാത്ത ഒരു കൊട്ടാരം പണിയണം. എന്നിട്ട് അറബിക്കൊട്ടാരമെന്നു പേരിടണം. അതായിരുന്നു ആഗ്രഹം. എന്നിട്ട് നാട്ടുകാരെക്കൊണ്ട് പറയിക്കണം. �മജീദിനൊപ്പം രാജപദവിയില്‍ കഴിയേണ്ട ആ പെണ്ണില്ലേ ഇപ്പോള്‍ ചെറ്റക്കുടിലില്‍ കഴിയുന്നതു കണ്ടില്ലേ.' ഇതൊക്കെ നാട്ടുകാരില്‍ നിന്നു കേള്‍ക്കണമെന്നായിരുന്നു ആഗ്രഹം. രണ്ടുമാസത്തെ ദാമ്പത്യജീവിതത്തിനു ശേഷം വീണ്ടും അയാള്‍ ഗള്‍ഫിലേക്കു മടങ്ങി. സൗദിയിലെ അറബികളുടെ കൊട്ടാരത്തില്‍ മോഡലില്‍ വീടിന്റെ പ്ലാന്‍ വരപ്പിച്ചു. അറബിക്കൊട്ടാരം എന്നുപേരിട്ടു. നിര്‍മാണം തുടങ്ങി. പതിനായിരം സ്‌ക്വയര്‍ ഫീറ്റ് വീട്. നാല് മിനാരങ്ങള്‍. അറബികളുടെ വീടുപോലെ ചുറ്റുമതിലില്‍ നാലു വശങ്ങളിലും സെക്യൂരിറ്റികള്‍ക്ക് താമസിക്കാന്‍ മുറികള്‍. ചുറ്റുമതിലിന് 12 അടി ഉയരം.
വീട് പണി ഓരോ ദിവസവും പുരോഗമിച്ചുകൊണ്ടിരുന്നു. ഇതിനിടെ മില്ലില്‍ നിന്നു മോഷ്ടിക്കുന്ന തുകയും കൂടിവന്നു. ആയിരവും പതിനായിരവും മോഷ്ടിച്ചു. ഒപ്പം അറബിക്കൊട്ടാരത്തില്‍ രാജാവ് വാഴുന്ന സ്വപ്‌നവും കണ്ട് മജീദ് ഓരോ ദിവസവും തള്ളിനീക്കി. ഓരോ മാസവും പണം മുഴുവന്‍ ചങ്കുവെട്ടിയിലെ ഹൈവേയ്‌ക്കു സമീപത്തെ കൊട്ടാരത്തില്‍ കുഴിച്ചിട്ടുകൊണ്ടിരുന്നു. പക്ഷേ എത്രയായിട്ടും നിര്‍മാണം തീരുന്നില്ല.
അറബിക്ക് പ്രായം ഏറിവന്നെങ്കിലും മജീദ് വിശ്വസ്‌തനായി തുടര്‍ന്നു. ഓരോ ആറുമാസം കൂടുന്തോറും 10 ദിവസം അവധിക്കു നാട്ടിലെത്തി മജീദ് ഭാര്യാസ്‌നേഹം പുലര്‍ത്തി.
ആര്‍ഭാടമൊന്നും കാണിക്കാതെ ചെലവുകാശ് കഴിഞ്ഞു ബാക്കിയുള്ളതെല്ലാം വീടിനു മുടക്കി. മൂന്നുവര്‍ഷം നിര്‍മാണം നടത്തിയിട്ടും പണി എങ്ങുമെത്തിയില്ല. ഒരു നില പൂര്‍ത്തിയായതേയുള്ളൂ. ഇതിനിടെ ഭാര്യയുടെ പ്രസവം. കുഞ്ഞിന്റെ രോഗം. പണത്തിന് ചെലവ് വര്‍ധിച്ചു. പണി മുടങ്ങി. രണ്ടുവര്‍ഷത്തോളം ഒന്നും നടന്നില്ല. പിന്നെയും ജോലി ആരംഭിച്ചു. വര്‍ഷങ്ങള്‍ പതിനഞ്ചു കഴിഞ്ഞിരുന്നു അപ്പോള്‍. എന്നിട്ടും അറബിക്കൊട്ടാരം മാത്രം പൂര്‍ത്തിയായില്ല. ഹൈവേയ്‌ക്കു സമീപം അസ്ഥികൂടം പോലെ ആ വലിയ കെട്ടിടം ഉയര്‍ന്നുനിന്നു.
സാധനങ്ങള്‍ എല്ലാം കവറില്‍ ഇന്‍സ്റ്റന്‍ഡായി സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ലഭ്യമായതോടെ മില്ലില്‍ സാധനങ്ങള്‍ പൊടിക്കാനെത്തുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞു. ശമ്പളം പോലും തികച്ച് ലഭിക്കാതെയായി. മജീദ് ആകെ പ്രതിസന്ധിയിലായി. പൂര്‍ത്തിയാകാത്ത കെട്ടിടം വിറ്റാല്‍ മാനക്കേടാണ്. ഇതിനകം മജീദിന്റെ അവസ്ഥ നാട്ടിലാകെ പാട്ടായി. അറബിക്കൊട്ടാരത്തിന്റെ വിശേഷങ്ങളാണ് എല്ലായിടത്തും. പൂര്‍ത്തിയാകാത്ത കൊട്ടാരമെന്നാണ് ഇപ്പോഴത്തെ പേര് തന്നെ. നടക്കാത്ത കാര്യങ്ങള്‍ക്ക് അഭിപ്രായം പറയുമ്പോള്‍ മജീദ് കൊട്ടാരം വെച്ചതു പോലെയെന്നൊരു ചൊല്ലുപോലും നാട്ടിലുണ്ടായി.
ഇതിനിടെ ഗള്‍ഫ് ജീവിതം നിര്‍ത്തി നാട്ടിലെത്തി. കൈയില്‍ പണമില്ല. ആര്‍ഭാടത്തില്‍ ജീവിച്ച ഭാര്യയും ധാരാളികളായ മക്കളും മജീദിന്റെ പണമില്ലായ്‌മ മനസിലാക്കാനായില്ല. അറബിക്കൊട്ടാരത്തില്‍ എന്നും രാവിലെ പോയി തിണ്ണയില്‍ കുത്തിയിരുന്നു അയാള്‍...എവിടെയാണ് പിഴച്ചത്..മോഷ്ടിച്ച പണം എത്രയുണ്ടാകുമെന്നു അയാള്‍ കണക്കുകൂട്ടി. സ്വപ്‌നസൗധം വിറ്റാല്‍ ലഭിക്കുന്ന അഞ്ചുകോടിക്കു മുകളില്‍ വരും ഇപ്പോഴത്തെ മൂല്യം. മനസിന്റെ അസ്വസ്ഥത കൂടിവന്നു. മോഷ്ടിച്ച പണമായതു കൊണ്ടാണോ കൊട്ടാരം പൂര്‍ത്തിയാക്കാന്‍ കഴിയാത്തത്. അയാള്‍ ഉന്മാദാവസ്ഥയിലായി. കൈകള്‍ വിറച്ചുതുടങ്ങി. രണ്ടു കാലുകളിലും കൈകള്‍ ചേര്‍ത്തടിച്ച് ശബ്ദമുണ്ടാക്കി. ഇടക്കിടെ ഉറക്കെകരഞ്ഞു. പക്ഷേ എന്താണ് മജീദിന് സംഭവിച്ചതെന്ന് ആര്‍ക്കും പിടികിട്ടിയില്ല. ജിന്നിളകിയതാണെന്നു ചിലരും ബാധയാണെന്നു മറ്റുചിലരും പറഞ്ഞു. മന്ത്രവാദികളെയെല്ലാം വരുത്തി കൈയിലും ഇളിയിലുമെല്ലാം ഓതിക്കെട്ടി. കുറ്റബോധം അയാളെ പിടിച്ചുലച്ചുകൊണ്ടിരുന്നു. ഇടക്കിടെ എന്തെങ്കിലും പിച്ചും പേയും പുലമ്പലും മാത്രമായി..
പെരിന്തല്‍മണ്ണയിലെ ജിന്നുപ്പയെ കണ്ടാല്‍ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാമെന്നു അയല്‍വക്കത്തെ മറിയുമ്മയുടെ മകള്‍ ഭാര്യയോട്‌് പറഞ്ഞു. അങ്ങനെയാണു ജിന്നുപ്പയെ കാണാന്‍ പോയത്.
"വല്ലാത്ത കുറ്റബോധമാണ് മജീദിന്റെ പ്രശ്‌നത്തിനു കാരണം. അതുമാറണമെങ്കില്‍ അതിനു കാരണമായ വസ്‌തുത അറിയണം."
ഉള്ളില്‍ നിന്നുള്ള എല്ലാ സത്യവും അയാള്‍ ജിന്നുപ്പയെന്ന കോടതിയില്‍ വിളമ്പി.
�മാപ്പാക്കണം, മാപ്പാക്കണം,� ജിന്നുപ്പയുടെ കാലുകളില്‍ അയാള്‍ വീണു. ഭാര്യയ്‌ക്കും ഉമ്മയ്‌ക്കും ഉപ്പയ്‌ക്കുമറിയാത്ത സത്യം കോടതിയില്‍ വിളമ്പിക്കൊണ്ടിരുന്നു.
�അല്ലാഹുവിന്റെ കോടതിയില്‍ ഞാന്‍ കുറ്റക്കാരനാണ്. എന്നെ രക്ഷിക്കണം� അലറിക്കരഞ്ഞുകൊണ്ടു പറഞ്ഞു.
�നീ കൊടുംപാപിയാണ്. അതാണ് നിന്നെ അലട്ടുന്നത്. മോഷ്ടിച്ച തുകയെല്ലാം തിരികെ നല്‍കി അറബിയോടു മാപ്പുചോദിക്ക്. വ്യഭിചാരത്തിന് ദൈവം നല്‍കുന്ന ശിക്ഷ എന്താണെന്നറിയാമോ നിനക്ക്...
നീ വിവാഹത്തിന് മുമ്പാണ് വ്യഭിചരിച്ചതെങ്കില്‍ 100 അടിയും ഒരുമാസം നാടുകടത്തലും. പെണ്ണായാലും ആണായാലും അതാണു ശിക്ഷ. വിവാഹ ശേഷമാണെങ്കില്‍ വിധി കല്ലെറിഞ്ഞ് കൊല്ലലാണ്. നീ തന്നെ കുറ്റം ഏറ്റുപറഞ്ഞതിനാല്‍ മൂന്നുദൃസാക്ഷികള്‍ വേണ്ട..സ്വയം വിധി ഏറ്റുവാങ്ങേണ്ടിവരും. മദ്യപിച്ചു നടന്നതിന് നരകത്തിലെ കൊടും ശിക്ഷയുമുണ്ടാകും. ഈ തെറ്റുകളില്‍ നിന്നുള്ള മോചനം ഇനി നിനക്ക് മാത്രമേ കഴിയൂ.. മോഷ്ടിച്ച പണമെല്ലാം തിരികെ കൊടുത്ത് മാപ്പുചോദിച്ചു വാ....എന്നിട്ട് തൗബ ചെയ്‌തു മടങ്ങൂ. അങ്ങനെയെങ്കില്‍ നിനക്കു മാപ്പു കിട്ടിയേക്കും. ...�
അയാള്‍ പോക്കറ്റില്‍ നിന്നെടുത്തു കുറേ പണം ജിന്നുപ്പയ്‌ക്കു നല്‍കി. പക്ഷേ അദ്ദേഹം വാങ്ങിയില്ല.
�ഈ പണം ഹറാമാണ്. ഇതിനു വിയര്‍പ്പിന്റെ മണമില്ല. നീ പോ..പോയി മാപ്പിരക്കൂ.� ജിന്നുപ്പയുടെ അരികില്‍ നിന്ന് അയാള്‍ ഇറങ്ങിയോടി.
അങ്ങനെയാണ് മജീദ് വീണ്ടും സൗദിയിലേക്ക് പുറപ്പെട്ടത്. ഭൂമി വിറ്റ് വന്‍തുക അയാള്‍ കൊണ്ടോട്ടിയിലെ മൂസാഹാജിക്ക് നല്‍കി. പകരം റിയാദില്‍ നിന്ന് റിയാല്‍ കൈപ്പറ്റാമെന്നും കരാറിലേര്‍പ്പെട്ടു. റിയാദിലെത്തി പണം വാങ്ങി അറബിയുടെ വീട്ടിലെത്തി. 40 ലക്ഷം റിയാല്‍ അയാള്‍ അദ്ദേഹത്തിന്റെ കാല്‍ക്കീഴില്‍ വച്ചു.
`ഇത്രയും തുക ഞാന്‍ നിങ്ങളുടെ മില്ലില്‍ നിന്നു മോഷ്ടിച്ചതാണ്.
'പടച്ചവനാണ് നിന്നെ ഇവിടെ എത്തിച്ചത്.� രോഗം കൊണ്ട് അവശനും ദരിദ്രനുമായ അറബി പറഞ്ഞു.
�ഈ തുക ഞാന്‍ തിരിച്ചു തരുന്നില്ല. തന്നാല്‍ പടച്ചവന്‍ നിന്നോട് പൊറുക്കില്ല...�
�വേണ്ട എനിക്ക് ഒന്നും വേണ്ട.... അല്ലാഹുവിന്റെ കോടതിയില്‍ മാപ്പു ലഭിക്കണം. ഞാനെന്താ ചെയ്യേണ്ടത്...�
�നീ പാപമോചനത്തിനായി ഉംറ ചെയ്യൂ..�
മജീദ് പാപമോചനം തേടി മക്കയിലേക്കു തിരിച്ചു.. ബുറൈദയില്‍ നിന്നു മദീന വഴിയാണ് മക്കയിലേക്കു പോകേണ്ടത്....മരുഭൂമിയിലെ കയറ്റിറക്കത്തിനിടയില്‍ മദീന എത്തുന്നില്ല..മനസ് വല്ലാതെ അസ്വസ്ഥമായി.. നീണ്ടു പരന്ന മരുഭൂമിയില്‍ പരുന്തുകള്‍ ചിറകട്ടടിക്കുന്നതും ഒട്ടകത്തിനു മുകളില്‍ പണവുമായി ആരോ തന്റെ പിന്നാലെ പായുന്നതും അയാള്‍ കണ്ടു......നഗ്നരായ കുറേ സ്‌ത്രീകളും താനും പാമ്പുകളുടെ കടിയേറ്റ് ഓടുകയാണ്. പക്ഷേ പാമ്പുകളുടെ എണ്ണം കൂടിവന്നു. പ്രവാചകന്‍ മദീനയിലേക്കു പ്രവേശിക്കാനെത്തിയ കുന്നുകളിലൂടെ ഒട്ടകങ്ങള്‍ തലങ്ങുംവിലങ്ങും പായുന്നു.....അവിടെ എത്തിയാല്‍ പാമ്പുകളുടെ കടിയില്‍ നിന്നു പ്രവാചകന്റെ ഒട്ടകത്തിലൂടെ രക്ഷപ്പെടാം. മരുഭൂമിയില്‍ ഭീമാകാരനായ ഒരു തീഗോളം തന്റെ നേര്‍ക്ക് പാഞ്ഞടുത്തു..ഹൃദയം വിങ്ങി.കാലുകള്‍ വെന്തുരുകി. ഒരു തുള്ളി വെള്ളം കുടിക്കാനായി അയാള്‍ അലമുറയിട്ടു.
വെള്ളം വെള്ളം.... ശബ്ദം വാഹനത്തില്‍ മുഴങ്ങി.
ബസ് നിന്നു. അയാള്‍ വെള്ളം, വെള്ളമെന്നു വിളിച്ചു കൊണ്ടിറങ്ങിയോടി. പാഞ്ഞുപോയ വാഹനത്തില്‍ തട്ടിതട്ടിയില്ലെന്ന മട്ടില്‍ റോഡ് മുറിച്ചുകടന്നു മരുഭൂമിയിലേക്ക് അയാള്‍ ഓടി. ബസിലുള്ളവര്‍ പിന്നാലെ വെള്ളവുമായി. പക്ഷേ ഇതിനകം അയാള്‍ ഒട്ടകങ്ങള്‍ റോഡ് മുറിച്ചു കടക്കാതിരിക്കാന്‍ കെട്ടിയ വേലി ചാടികടന്നിരുന്നു.... തിരിഞ്ഞുനോക്കാതെ മജീദ് ഓടുകയാണ്. ഒരു കുന്നു കടന്നു താഴേക്കു പോയി...ഇപ്പോള്‍ അയാളുടെ രൂപം പൊട്ടുപോലെ മാഞ്ഞുകൊണ്ടിരുന്നു.
Comments