സായിപ്പൻ ബംഗ്ലാവ്‌ വീണ്ടും ഉയർന്നപ്പോൾ

തെന്മല ഡാം ഇപ്പോൾ 
തെന്മല ഡാം നല്കുന്ന പാഠങ്ങൾ 


ചരിത്രത്തെ കുഴിച്ചുമൂടലാണ് ഓരോ ഡാം നിര്‍മാണവും. അതുവരെയുള്ള ചരിത്രമെല്ലാം വെള്ളത്തിനടിയിലാക്കി ഒരു പുതിയ കാഴ്ച വിതയ്ക്കുമ്പോള്‍ ജീവിച്ചിരിക്കുന്നതും അല്ലാത്തതുമായ കാഴ്ചയുടെ ഉറവിടങ്ങള്‍ ഇല്ലാതാകുന്നു. പകരം വരുന്നവ അതിലേറെ സൗന്ദര്യം നല്‍കുമെങ്കിലും അതുവഴിയുള്ള നഷ്ടം നമ്മള്‍ ആലോചിക്കാറേയില്ല.
തെന്മല ഡാം കഴിഞ്ഞ മഴക്കാലത്ത്‌  

മൂന്നു പതിറ്റാണ്ടു മുന്‍പ് അഥായത് കൃത്യമായി പറഞ്ഞാല്‍ 1984ല്‍ കല്ലട ജലസേചന പദ്ധതിയ്ക്കായി തെന്മല റിസര്‍വോയര്‍ കമ്മീഷന്‍ ചെയ്തത്. പദ്ധതി പ്രദേശത്ത് അന്ന് മുന്നൂറിലധികം വീടുകളും ഒരു കൂറ്റന്‍ ബംഗ്ലാവുമുണ്ടായിരുന്നു. ആനയടക്കമുള്ള മൃഗങ്ങളുടെ ശല്യമുണ്ടായതിനാല്‍ കൂട്ടമായാണ് ഇവര്‍ താമസിച്ചിരുന്നത്. കരിമ്പായിരുന്നു ആദ്യകാലങ്ങളില്‍ ഇവിടെ കൃഷിചെയ്തിരുന്നത്. . പിന്നീട് മരിച്ചീനി കൃഷിയായി. ഈ കൃഷിയിലേര്‍പ്പെട്ടിരുന്ന തൊഴിലാളികളായിരുന്നു ഇവിടെ താമസിച്ചിരുന്നത്. ഡാം ഉയര്‍ന്നപ്പോള്‍ ഇവരെ കുളത്തൂപ്പുഴയിലേക്കു മാറ്റിതാമസിപ്പിച്ചു. ചെറിയ വീടുകളെല്ലാം വെള്ളത്തിനടിയിലായി. ഒപ്പം ഇംഗ്ലീഷുകാര്‍ സ്ഥാപിച്ച സായിപ്പന്‍ ബംഗ്ലാവ് എന്ന വിളിപ്പേരുള്ള കൂറ്റന്‍ കെട്ടിടവും. കൃത്യം മുപ്പതു വര്‍ഷത്തിനു ശേഷം മൂന്നുപതിറ്റാണ്ടിലെ ഏറ്റവും വലിയ വരള്‍ച്ചയെ നേരിപ്പോള്‍ സായിപ്പന്മാര്‍ നിര്‍മിച്ച ആ ബംഗ്ലാവ് അതേപോലെ നിലകൊള്ളുന്ന കാഴ്ചയാണ് നാം കണ്ടത്. എന്നാല്‍ തൊഴിലാളികള്‍ താമസിച്ചിരുന്ന വീടുകളെല്ലാം വെള്ളത്തില്‍ ലയിച്ചു.
ഇനി എവിടെ വരളാൻ 


ഇതും ആഹ്ലാദം 
1887ല്‍ ബ്രിട്ടീഷ് വ്യവസായിയായിരുന്ന ടി.ജെ കാമറൂണാണ് ബംഗ്ലാവ് നിര്‍മിച്ചത്. പുനലൂര്‍ പേപ്പര്‍ മില്‍ പ്രവര്‍ത്തിച്ചിരുന്നപ്പോള്‍ അസംസ്കൃത വസ്തുക്കള്‍ ശേഖരിച്ചു സംരക്ഷിക്കുന്നതിനായി തിരുവിതാംകൂര്‍ മഹാരാജാവ് ശ്രീമൂലം തിരുന്നാള്‍ രാമവര്‍മ്മയുടെ അനുമതിയോടെയായിരുന്നു നിര്‍മാണം. ബംഗ്ലാവിന്റെ ജനലുകളില്‍ കണ്ണാടി പതിച്ചിരുന്നതിനാല്‍ കണ്ണാടി ബംഗ്ലാവ് എന്നും നാട്ടുകാര്‍ വിളിച്ചിരുന്നു. 1972ല്‍ ബംഗ്ലാവ് വനംവകുപ്പ് ഏറ്റെടുത്തു.
അവസാന തുള്ളി വെള്ളത്തിനായി 
കെട്ടിടം നില്‍ക്കുന്ന സ്ഥലത്തെ ഏറ്റവും വലിയ പ്രത്യേകത ശീതികരണ സംവിധാനത്തെ തോല്പിക്കുന്ന തരത്തിലുള്ള കാറ്റും തണുപ്പുമാണ്. ശക്തമായ കാറ്റ് എപ്പോഴും വീശിയടിക്കുന്നതുകൊണ്ടാകാം ബ്രിട്ടീഷുകാര്‍ ഈ സ്ഥലത്ത് ബംഗ്ലാവ് പണിഞ്ഞത്. ചെറുതും വലുതുമായ പത്തോളം മുറികളടങ്ങിയ ഈ കെട്ടിടം ഏകദേശം 2000 സ്ക്വയര്‍ ഫീറ്റ് വലിപ്പമുണ്ട്. ആധുനിക കാലത്തെ വാസ്തുവിദ്യയോട് കിടപിടിക്കുന്ന രീതിയിലാണ് സായിപ്പന്‍ ബംഗ്ലാവ് നിര്‍മിച്ചിരിക്കുന്നത്. 45 സെന്റിമീറ്ററിലധികമുണ്ടു ഭിത്തികളുടെ വീതി. ചുട്ടെടുത്ത ഇഷ്ടികയും കുമ്മായവുമാണ് കെട്ടിടത്തെ വെള്ളത്തില്‍ ലയിക്കാതെ സംരക്ഷിച്ചത്. മൂന്നുകട്ടകള്‍ കോര്‍ത്തിണക്കിയാണ് നിര്‍മാണം. അതുകൊണ്ടുതന്നെ കെട്ടിടത്തെ മറിച്ചിടാന്‍ ശക്തമായ ഒഴുക്കിനുമായില്ല. വാതിലുകളും ജനാലുകളും ഫര്‍ണിച്ചറുകളും അക്കാലത്തു തന്നെ പൊളിച്ചുമാറ്റിയിരിക്കാം. വനം വകുപ്പിന്റെ കൈവശം ഈ മരഉല്പന്നങ്ങള്‍ പൊളിച്ചു ലേലം നല്‍കി വിറ്റതിന്റെ കണക്കുണ്ടാകില്ല. കാരണം കാട്ടിലെ തടി തേവരുടെ ആന എന്നാണല്ലോ ചൊല്ല്.
തെന്മല ചെക്ക് ഡാമില്‍ നിന്നും നാലു കിലോമീറ്റര്‍ ഡാമിലൂടെ സഞ്ചരിച്ചാല്‍ ചരിത്രം പേറുന്ന ഈ കാഴ്ച കാണാനാകും. ഈ ഡാം പൊങ്ങിയിട്ട് ഏകദേശം ഒരു മാസത്തോളമായെന്നു നാട്ടുകാര്‍ പറയുന്നു. മലയില്‍ തേന്‍ ശേഖരണത്തിനും വിറക് വെട്ടാനുമൊക്കെ പോയവരാണ് കണ്ടത്. എന്നാല്‍ വഴിതെറ്റി അകപ്പെട്ട ടൂറിസ്റ്റുകളാണ് പുറംലോകത്തെ അറിയിച്ചത്. ആന അടക്കമുള്ള വന്യമൃഗങ്ങളുടെ കേന്ദ്രമായതിനാല്‍ ഇവിടെ ടൂറിസ്റ്റുകളെ കടത്തിവിടുന്നതും വന്‍ അപകടം വരുത്തിവെയ്ക്കും.
അകക്കാഴ്ച 

കാഴ്ച്ചക്കാർ 
ബംഗ്ലാവ് വളരെ കൗതുകം നല്‍കുന്നുണ്ടെങ്കിലും അതു നല്‍കുന്നതു കൊടും വരള്‍ച്ചയുടെ ഓര്‍മപ്പെടുത്തല്‍ ഭയാനകമാണ്. ഒരു കൊടും വേനല്‍ മതി നമ്മള്‍ കെട്ടിപ്പൊക്കിയ സ്വപ്‌നങ്ങള്‍ തകര്‍ക്കാന്‍. 15 കിലോമീറ്ററോളം നീളത്തില്‍ സ്ഥിതി ചെയ്യുന്ന ഈ ഡാം ഉയര്‍ന്നപ്പോള്‍ കെട്ടിടം മാത്രമല്ലല്ലോ ചരിത്രവിസ്മൃതിയിലായത്, ജീവജാലങ്ങളും അവയുടെ ആവാസ വ്യവസ്ഥയും ഒപ്പം ഒരു സംസ്കൃതിയും.





Comments