ബത്ഹയുടെ സ്വന്തം സങ്കടക്കല്ല്

വെള്ളിയാംകല്ലില്‍ മരിച്ചവരുടെ ആത്മാക്കളെല്ലാം പാറിനടക്കുമത്രേ… ഇത് മയ്യഴിക്കാരുടെ വിശ്വാസം. എം. മുകുന്ദന്റെ മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ എന്ന നോവലില്‍ പറയുന്നതാണിത്.

എന്നാല്‍ ഇവിടെ സൗദി അറേബ്യയില്‍ ജീവിച്ചിരിക്കുന്നവര്‍ സ്വന്തം നൊമ്പരങ്ങള്‍ പങ്കുവയ്ക്കാന്‍ ഒത്തുകൂടുന്ന ഒരു സ്ഥലമുണ്ട്. അതിന് അവര്‍ തന്നെ പേരിട്ടു. സങ്കടക്കല്ല്.


സ്വന്തം നാട്ടില്‍ നിന്ന് മണലാരണ്യത്തിലേക്ക് പറിച്ചുനടപ്പെട്ടവന്റെ നൊമ്പരം, മണല്‍ക്കാടുകളില്‍ അനുഭവിക്കുന്ന പീഡനങ്ങളുടെ വ്യഥ, കഫാലത്ത് കൊടുക്കുന്നവന്റെ മനസിന്റെ പിരിമുറുക്കം, ജോലി സ്ഥലത്തെ മറ്റ് മുറിവുകള്‍, ഉറ്റവരുടെ വേര്‍പാടിന്റെ ഒറ്റതിരിഞ്ഞ വേദന, സഹോദരിയെ കെട്ടിച്ചയക്കാനായി നാട്ടിലേക്ക് അയക്കാന്‍ വച്ചിരുന്ന പണം പിടിച്ചുപറിക്കപ്പെട്ടതിന്റെ കൊടിയ വ്യഥ, പിടിച്ചുപറിയുടെയും മോഷണങ്ങളുടെയും ഇരകള്‍ ഒരുമിക്കുന്നു.. വിവാഹം കഴിഞ്ഞതിനു ശേഷം ദിവസങ്ങള്‍ക്കകം മനസില്ലാമനസോടെ പാതിഹൃദയത്തെ വിട്ട് പറന്നകന്നവന്റെ വിരഹം..രണ്ടുവയസുകാരി മകളുടെ കുഞ്ഞുകളികള്‍ കണ്‍മുന്നില്‍ നിന്നു മറയാത്തവന്റെ സങ്കടങ്ങള്‍..

ഇങ്ങനെ മലയാളിക്ക് സങ്കടങ്ങള്‍ നിരവധിയാണ്. സങ്കടങ്ങളുടെ ഭാണ്ഡക്കെട്ട് അഴിച്ചുവയ്ക്കാനുള്ളതാണീ സ്ഥലം. റിയാദിലെ ബത്ഹയിലെ മലയാളി മാര്‍ക്കറ്റിനു സമീപമാണിത്. ഇവിടെ ഒരു ഇരിപ്പിടമുണ്ട്. സങ്കടക്കല്ല് എന്നാണ് ഇതിനു മലയാളികള്‍ വിളിക്കുന്ന പേര്. പത്തുവര്‍ഷത്തോളമായി ഈ കല്ല് ചെറുതും വലുതുമായ സങ്കടങ്ങള്‍ കേട്ട് കണ്ണീര്‍ പൊഴിക്കുന്നു……

നാലോ അഞ്ചോ പേര്‍ക്ക് ഒരുമിച്ച് ഇരിക്കാം ഇവിടെ. ഇവിടെ ഇരിക്കുന്നവരെല്ലാം സങ്കടങ്ങള്‍ പങ്കുവയ്ക്കാനുള്ളവരാണെന്ന് മലയാളികള്‍ വിശ്വസിക്കുന്നു. അതുകൊണ്ടു തന്നെ മറ്റാരും ഇവരെ ശല്യം ചെയ്യാറില്ല. സങ്കടക്കല്ല് എന്ന പേര് എങ്ങനെ വന്നെന്ന് ആര്‍ക്കും അറിയില്ല. ഏതോ രസികന്‍ ഇട്ട പേരായിരിക്കാം. കേട്ടവര്‍ കേട്ടവര്‍ അതിനു പ്രചാരം നല്‍കി. ഇന്ന് റിയാദില്‍ സ്ഥലസൂചികയായി ഇവിടം മാറി.



സുഹൃത്തുക്കളില്‍ ആരെങ്കിലും അടുത്ത വെള്ളിയാഴ്ച സങ്കടക്കല്ലിന്റെ അരികില്‍ ഉണ്ടാകുമെന്ന് പറഞ്ഞാല്‍ അറിയുക, അയാള്‍ക്ക് ധാരാളം വിഷമമുണ്ട്. വിഷമങ്ങളുടെ ഭാണ്ഡക്കെട്ട് നിങ്ങളുടെ മനസിലേക്ക് അഴിച്ചുവെച്ച് അയാള്‍ പൊയ്‌ക്കോട്ടെ, പോയി ജോലിചെയ്‌തോട്ടെ മനസുഖത്തോടെ..വ്യാഴം, വെള്ളി ദിവസങ്ങളില്‍ സങ്കടക്കല്ല് നിറയും. തൊട്ടടുത്ത ചെറിയ ചെറിയ കല്ലുകളിലേക്കും അവര്‍ ചേക്കേറും. ജമാല്‍ കോംപ്ലക്‌സിനും സഫാമക്കാ ഹോസ്പിറ്റലിനുമിടയിലുള്ള സ്ഥലമാണ് ഇവരുടെ കേന്ദ്രം. ഇവിടെ നില്‍ക്കുന്നവരുടേയും ഇരിക്കുന്നവരുടേയും മുഖത്ത് പൊട്ടിച്ചിരിയുടെ ഭാവഹാവാദികള്‍ കാണാറില്ല.

സൗദി അറേബ്യയുടെ തലസ്ഥാന നഗരിയായ റിയാദിന്റെ ഹൃദയഭാഗമാണ് ബത്ഹ. റിയാദിനോളം പഴക്കമുണ്ട് ബത്ഹയുടെ ചരിത്രത്തിനും. ആദ്യകാലങ്ങളില്‍ എന്തിനും ഏതിനും ബത്ഹയായിരുന്നു റിയാദുകാരുടെ ആശ്രയം. ബത്ഹയില്‍ മലയാളികളുടെ പ്രധാന ആകര്‍ഷകം കേരള മാര്‍ക്കറ്റാണ്. സമീപത്തായി ബംഗാളി മാര്‍ക്കറ്റും തൊട്ടടുത്തു സുഡാനി മാര്‍ക്കറ്റും മെയിന്‍ റോഡിനു സമീപത്തെ ഫൈവ് ബില്‍ഡിംഗിനു പിന്നിലെ ഫിലിപ്പിനോ മാര്‍ക്കറ്റും ഷംസിയ കോംപ്ലക്‌സിനോട് ചേര്‍ന്ന് നില്‍ക്കുന്ന നേപ്പാളിമാര്‍ക്കറ്റും ദേശഭാഷ വ്യത്യാസമില്ലാതെ ബത്ഹയിലേക്ക് മനുഷ്യന്റെ ഒഴുക്ക് സൃഷ്ടിക്കുന്നു.

കേരള മാര്‍ക്കറ്റിലെ ഓരോ ഗല്ലികളും ജില്ലകളുടേയും പഞ്ചായത്തുകളുടേയും അടിസ്ഥാനത്തില്‍ കൂട്ടായ്മകളുണ്ടാകുന്നു. പണ്ട് താജ്മഹല്‍ ഹോട്ടല്‍ പകര്‍ന്ന കേരള രുചി ആസ്വദിക്കാനാണ് മലയാളി എത്തുന്നതെങ്കില്‍ ഇന്നു നിരവധി ഹോട്ടലുകളാണ് മലയാളിക്ക് സ്വന്തം രുചി പകരുന്നത്. കപ്പയും മീന്‍കറിയും പുട്ടും പയറും പപ്പടവും ഇഡ്ഢലിയും വടയും പഴംപൊരിയും ബോണ്ടയുമെല്ലാം ഇന്നു ബത്ഹയിലെ കേരള ഹോട്ടലുകളില്‍ മലയാളിയുടെ ഇഷ്ടവിഭവമാണ്. ഈ രുചി മറുനാട്ടുകാരും സ്വീകരിച്ചു തുടങ്ങിയത്രേ..

കേരള മാര്‍ക്കറ്റിനു സമീപമാണ് സങ്കടക്കല്ല്. സങ്കടക്കല്ലിനു മുകളില്‍ പരസ്യബോര്‍ഡ് സ്ഥാപിച്ചിട്ടുള്ളതിനാല്‍ ചൂടുകാലത്ത് അല്‍പ്പം തണല്‍ നല്‍കുന്ന സ്ഥലം കൂടിയാണിവിടം. കേരളമാര്‍ക്കറ്റ് എന്നു പേരിട്ടുവിളിക്കുന്ന തെരുവിലെ കച്ചവടക്കാരിലെ 90 ശതമാനവും 1990 വരെ യമനികളായിരുന്നു. എന്നാല്‍ 1991ലെ കുവൈറ്റ് യുദ്ധക്കാലത്ത് യമനികളില്‍ ഭൂരിഭാഗവും പലായനം ചെയ്യപ്പെട്ടു. സൗദി അറേബ്യ ആക്രമിക്കപ്പെടുമെന്ന് അന്നു ഭീതിയുണ്ടായിരുന്നു. യുദ്ധഭീതി കൊണ്ടാണോ അതോ മറ്റെന്തെങ്കിലും കാരണം കൊണ്ടാണോ യമനികള്‍ വിട്ടു. എന്തായാലും ഇതോടെ മലയാളികളുടെ ഒരു ഒഴുക്ക് തന്നെ ഇവിടേക്ക് ആരംഭിച്ചു. കച്ചവടക്കാര്‍ മാറിമാറി വന്നെങ്കിലും കേരള മാര്‍ക്കറ്റ് ഇപ്പോഴും മലയാളികളുടെ കൈകളില്‍ ഭദ്രം.

ചെറിയ കടയില്‍ നിന്നു വന്‍ ഹൈപ്പര്‍മാര്‍ക്കറ്റിന്റെ ഉടമയായവര്‍ തൊട്ട് ആദ്യകാലങ്ങളില്‍ വന്‍ വ്യാപാരികളായി ജീവിച്ചിട്ട് ഇപ്പോള്‍ ഹോട്ടലുകളില്‍ ജീവനക്കാരനായി നില്‍ക്കുന്നവര്‍ വരെ ഇവിടെ കാണാം. വിധിയുടെ വിളയാട്ടമാണ് ബത്ഹ നല്‍കുന്നത്. ആരെല്ലാമോ വരുന്നു ആരെല്ലാമോ പോകുന്നു. ഫുട്പാത്ത് കച്ചവടവും പച്ചക്കറിമാര്‍ക്കറ്റും രണ്ടുറിയാലിന്റെ വണ്ടിയില്‍ ആളെക്കയറ്റാനുള്ള ഉച്ചത്തിലുള്ള വിളിയും.. രഹസ്യമായി ചെവിയില്‍ മന്ത്രിക്കുന്ന സിഡി കച്ചവടവും, പാന്‍പരാഗിന്റെ രൂക്ഷഗന്ധം കലര്‍ന്ന ബംഗാളിമാര്‍ക്കറ്റും…എങ്ങും ആര്‍പ്പുവിളികളും ആഘോഷങ്ങളും. തനി കേരളത്തിലെ ഒരു സിറ്റി.

അതേസമയം ഒറ്റപ്പെട്ടവരും മാനസികമായി തകര്‍ന്നവരും രേഖകളെല്ലാം നഷ്ടപ്പെട്ടവരും അഭയം പ്രാപിക്കുന്നതും ബത്ഹ തെരുവുകളെയാണ്. ഇവിടത്തെ തെരുവില്‍ രണ്ടുദിവസം കിടന്നുറങ്ങിയാല്‍ മതി മലയാളി സംഘടനകള്‍ അവരെ രക്ഷിക്കും. സംഘടനാ നേതാക്കളുടേയും ചില സാമൂഹ്യപ്രവര്‍ത്തകരുടേയും സഹായത്താല്‍ ഇത്തരത്തിലുള്ള പലരും ഇതിനകം നാട്ടിലെത്തിക്കഴിഞ്ഞു. ഭാഷ ദേശ വ്യത്യാസമില്ലാതെയാണ് ഇവര്‍ മനുഷ്യരെ സഹായിക്കുന്നത്. നാട്ടിലുള്ള എല്ലാ രാഷ്ട്രീയപാര്‍ട്ടികള്‍ക്കും ഇവിടെ സംഘടനകളും പോഷക സംഘടനകളുമുണ്ട്.
സന്തോഷങ്ങള്‍ക്കും സങ്കടങ്ങള്‍ക്കും ഒപ്പം ദുരന്തങ്ങളും സമ്മാനിച്ചാണ് ബത്ഹ ഓരോ ദിവസവും മുന്നോട്ട് നീങ്ങുന്നത്. ഇടയ്ക്കിടെ ഉണ്ടാകുന്ന അഗ്നി കത്തിച്ചാമ്പലാക്കുന്നത് ജീവിതത്തിന്റെ ഭാണ്ഡം പേറി അന്യനാട്ടിലെത്തിയവന്റെ അവസാനത്തെ അത്താണിയാണ്.

ഒരു ദേശത്തിന്റെ സ്വപ്നങ്ങള്‍ കത്തിചാമ്പലാകുന്നതു നോക്കി നില്‍ക്കാനുള്ള ദൗര്‍ഭാഗ്യവും ബത്ഹ മലയാളിക്ക് സമ്മാനിച്ചു. 2007ലെ റമദാനിലായിരുന്നു അത്. നോമ്പ് തുറക്കുന്നതിനു ഏതാനും നിമിഷങ്ങള്‍ക്ക് മുമ്പ് യമനി മാര്‍ക്കറ്റിനകത്തെവിടെയോ നാമ്പെടുത്ത തീ വന്‍നാളമായി കേരളമാര്‍ക്കറ്റിനെ ചുട്ടെരിച്ചു. തങ്ങളുടെ സമ്പാദ്യവും സ്വപ്നങ്ങളും വിലപ്പെട്ടതെല്ലാം പുകച്ചുരുളുകളായി ആകാശത്തേക്ക് ഉയരുന്നത് നോക്കിനില്‍ക്കാനെ അവിടെ കൂടിയ ജനസാഗരത്തിനു കഴിഞ്ഞുള്ളൂ.

പെരുന്നാള്‍ കച്ചവടത്തിനായി കരുതിവച്ച സാധനങ്ങളും പണവും നഷ്ടപ്പെട്ടപ്പോള്‍ മലയാളിക്ക് മാത്രം നഷ്ടമായത് കോടികളാണ്. ദുരന്തം കഴിഞ്ഞു കേരളാ മാര്‍ക്കറ്റിനെ ഉടനടി പുനസ്ഥാപിച്ചു. ഇനിയും കെട്ടിടങ്ങള്‍ പുനര്‍നിര്‍മിക്കാന്‍ ബാക്കി. ഇടയ്ക്കിടെ മലയാളികളുടെ സ്വപ്നങ്ങളില്‍ കരിനിഴല്‍ വീഴ്ത്താന്‍ ഇപ്പോഴും ചില തീനാളങ്ങള്‍ ഉയരുന്നുണ്ട്. എങ്കിലും കച്ചവടത്തിരക്കിനിടയില്‍ അവന്‍ എല്ലാം മറക്കുകയാണ്.

എല്ലാം മറക്കുന്ന മലയാളിക്ക് കൂട്ടായി എന്നും സങ്കടക്കല്ല് ഇവിടെ ഉണ്ടാകും. ചിറകരിഞ്ഞ സ്വപ്നങ്ങള്‍ക്ക് ജീവന്‍ നല്‍കാന്‍. സങ്കടങ്ങള്‍ ഏറ്റുവാങ്ങി തിരികെ അയക്കാന്‍.

Comments