dream theatre |
ബത്ഹയിലെ ഷാരോവസീറില്‍ (റമദ ഹോട്ടലിനു സമീപം) ഏഴുനിലക്കെട്ടിടത്തില്‍ ബിഗ്‌സ്‌ക്രീനോടു കൂടിയ തീയേറ്റര്‍. മൂന്നു നിലകളിലാണ് തിയേറ്റര്‍. കൂറ്റന്‍ ബാല്‍ക്കണി. ആയിരം പ്രേക്ഷകര്‍ക്ക് ഒരുമിച്ചിരുന്നു സിനിമ കാണാം. 1986-ലാണ് റിയാദില്‍ ഇത്രയും വലിപ്പമുള്ള തിയേറ്റര്‍ നിര്‍മിച്ചത് എന്നത് ഏറെ കൗതുകം.
ബത്ഹയിലെ റോസേഴ്‌സ് ബില്‍ഡിങ് ഉടമ അബ്ദുല്‍ മൊസ റോസേഴ്‌സ് ആണ് തന്റെ ഉടമസ്ഥതയിലുള്ള റോസേഴ്‌സ് ബില്‍ഡിംഗിനോട് ചേര്‍ന്ന് തിയേറ്റര്‍ നിര്‍മിച്ചത്. സൗദി ഗവണ്‍മെന്റിന്റെ അനുമതി ലഭിക്കും എന്നു കരുതി തിയേറ്റര്‍ നിര്‍മിച്ചെങ്കിലും അനുമതി ലഭിച്ചില്ല. പക്ഷേ അന്നു മുതല്‍ അദ്ദേഹം പ്രതീക്ഷയിലാണ്. തിയേറ്ററില്‍ എന്നെങ്കിലും ഒരിക്കല്‍ സിനിമ പ്രദര്‍ശിപ്പിക്കാന്‍ കഴിയുമെന്ന്. ഈ ഉദ്ദേശത്തോടെ എല്ലാ വര്‍ഷവും അദ്ദേഹം ഗവണ്‍മെന്റിനെ സമീപിക്കും. പക്ഷേ ഓരോ കാരണങ്ങള്‍ നിരത്തി ഗവണ്‍മെന്റ് അനുമതി നിഷേധിക്കും.
എന്നാല്‍ കെട്ടിടം സിനിയയ്ക്കല്ലാതെ മറ്റൊന്നിനും തുറന്നു കൊടുക്കില്ലെന്ന വാശിയിലാണ് ഇദ്ദേഹം. അടുത്തിടെയുണ്ടായ സര്‍ക്കാര്‍ തീരുമാനങ്ങള്‍ തന്റെ പ്രതീക്ഷ വര്‍ധിച്ചിരിക്കുകയാണെന്ന് ഇദ്ദേഹം പറയുന്നു. സൗദിയില്‍ രണ്ടിടങ്ങളില്‍ കാര്‍ട്ടൂണ്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ തിയേറ്ററിന് അനുമതി നല്‍കി എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രതീക്ഷ വര്‍ധിക്കാന്‍ കാരണം.
97വയസായെങ്കിലും എല്ലാദിവസവും രാവിലെ ഓഫിസിലെത്തുകയും ദൈനംദിന കാര്യങ്ങളില്‍ വ്യാപരിക്കുകയും ചെയ്യുന്ന അബ്ദുല്‍ മോസ സ്വന്തം ഉടമസ്ഥതയിലുള്ള റിയാദിലെ 57 ബില്‍ഡിങ്ങുകളുടെ മേല്‍നോട്ടം ഒറ്റയ്ക്കാണ് നിര്‍വഹിക്കുന്നതെന്നു അറിഞ്ഞാല്‍ മലയാളി നമിച്ചുപോകും.
താന്‍ മരിക്കുന്നതിനു മുമ്പ് സ്‌ക്രീന്‍ ഉയര്‍ന്നു കാണണമെന്നാണ് ഇദ്ദേഹത്തിന്റെ ആഗ്രഹം. ഏന്നെങ്കിലും സൗദി ഗവണ്‍മെന്റ് സിനിമാതിയേറ്ററിന് അനുമതി നല്‍കിയാല്‍ റോസേഴ്‌സ് തീയേറ്ററിനും അനുമതി ലഭിക്കുമത്രേ. അതുകൊണ്ടാണ് ബത്ഹയില്‍ വന്‍ വാടക ലഭിക്കും എന്നറിഞ്ഞിട്ടും ബില്‍ഡിങ് ഇപ്പോഴും ഒഴിച്ചിട്ടിരിക്കുന്നത്.
സൗദി അറേബ്യയില്‍ സിനിമയ്ക്കും തിയേറ്ററുകള്‍ക്കും നിരോധനമാണ്. എന്നാല്‍ ജി.സി.സി രാഷ്ട്രങ്ങളില്‍ സൗദി അറേബ്യ ഒഴിച്ച് മറ്റിടങ്ങളിലെല്ലാം ഇപ്പോള്‍ സിനിമാശാലകളുണ്ട്. ഇസ്‌ലാമിന്റെ ചട്ടക്കൂട്ടിനകത്തു നിന്ന് ധാരാളം നല്ല സിനിമകള്‍ പുറത്തിറങ്ങുന്നുമുണ്ട്. ഇത്തരത്തില്‍ ഇറാനില്‍ പുറത്തിറങ്ങുന്ന സിനിമകള്‍ ലോകോത്തരങ്ങളാണ്.
inside |
സൗദിയിലാകട്ടെ മിക്കവീടുകളിലും പാശ്ചാത്യസിനിമകള്‍ കാണാന്‍ വീട്ടിനുള്ളില്‍ തന്നെ സൗകര്യമുണ്ട്. ചാനലുകള്‍ക്ക് വിലക്കില്ല. വീഡിയോ ലൈബ്രറികള്‍ നിരവധി. ഹിന്ദി, മലയാള, ഇംഗ്ലീഷ് സിനിമകള്‍ക്ക് സൗദിയില്‍ ശക്തമായ വിപണിയുമുണ്ട്.
കാര്‍ട്ടൂണ്‍ സിനിമകള്‍ക്ക് പ്രദര്‍ശിപ്പിക്കാന്‍ ചിലയിടങ്ങളില്‍ അനുമതി നല്‍കുന്നതും പുരുഷന്മാര്‍ക്ക് മാത്രം കാണാന്‍ അനുമതി നല്‍കുന്നതും പ്രതീക്ഷയുടെ പുതുനാമ്പുകള്‍ നല്‍കുന്നു. എന്നാല്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കേ സൗദി അറേബ്യയിലെ ഏക ഔദ്യോഗിക ഫിലിം ഫെസ്റ്റായ ജിദ്ദ ഫിലിം ഫെസ്റ്റ് ഗവണ്‍മെന്റ് നിരോധിച്ചതും ഇതിനെതിരേ സൗദിയിലെ എഴുത്തുകാര്‍ ഉള്‍പ്പെടെ രംഗത്തുവന്നതും ഏറെ ചര്‍ച്ചചെയ്യപ്പെടുകയും ചെയ്തിരുന്നു.
2005ലാണ് മൂന്നു പതിറ്റാണ്ടിനു ശേഷം കുട്ടികളുടെ കാര്‍ട്ടൂണ്‍ ഫെസ്റ്റിവലിന് പ്രദര്‍ശനാനുമതി ലഭിച്ചത്. 2006ലും 2009ലും കാര്‍ട്ടൂണ്‍ സിനിമകള്‍ പ്രദര്‍ശിപ്പിച്ചിരുന്നു.
പ്രചോദനം
അബ്ദുല്‍ മോസ ഉറച്ച ഇസ്‌ലാം മത വിശ്വാസിയാണ്. എങ്കിലും നല്ല സിനിമകളെ അദ്ദേഹം നിഷിദ്ദമായി കണ്ടില്ല. ഇറാനിലും മറ്റും പുറത്തിറങ്ങുന്ന സിനിമാ പ്രവണതകളെ അദ്ദേഹം ഗൗരവമായി നിരീക്ഷിക്കാന്‍ തുടങ്ങി. ദുബൈയില്‍ സിനിമാശാലകളുണ്ടായതോടെ അദ്ദേഹത്തിന്റെ കലാബോധം പ്രത്യക്ഷമായി രംഗത്തുവന്നു. അങ്ങിനെയാണ് സൗദിയില്‍ ഒരു തിയേറ്റര്‍ തുടങ്ങി നല്ല സിനിമകള്‍ കാണിക്കണം എന്ന ആഗ്രഹം വന്നത്.
അന്ന് അദ്ദേഹത്തിന്റെ എന്‍ജിനീയറായ സാം എന്ന മലയാളിയാണ് സിനിമാശാലകളുടെ സാമ്പത്തിക ലാഭസാധ്യത അദ്ദേഹത്തിനു നല്‍കിയതും കെട്ടിടത്തിന്റെ പ്ലാന്‍ വരയ്ക്കുകയും ലൊക്കേഷന്‍ കണ്ടെത്തുകയും ചെയ്തതും. തുടര്‍ന്ന് ധൃതിപിടിച്ചു നിര്‍മാണം പൂര്‍ത്തിയാക്കി. പക്ഷേ അംഗീകാരം കിട്ടിയില്ലെന്നു മാത്രം. റിയാദില്‍ ഹിന്ദി, മലയാളം ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ ഭാഷകള്‍ സംസാരിക്കുന്നവര്‍ ലക്ഷക്കണക്കിനുള്ളതാണ് തിയേറ്റര്‍ എന്ന ആശയത്തിനു കൂടുതല്‍ ശക്തി പകര്‍ന്നതും.
സാം എന്ന മലയാളി എന്‍ജിനീയറെയാണ് തിയേറ്റര്‍ നിര്‍മിക്കാന്‍ ചുമതലപ്പെടുത്തിയതെങ്കില്‍ മറ്റൊരു മലയാളിയെ അതിന്റെ മേല്‍നോട്ടക്കാരനായും നിയമിച്ചു. 23 വര്‍ഷമായി തിയേറ്ററിന്റെ മേല്‍നോട്ടം വഹിക്കുന്നത് നവോദയയുടെ സജീവ പ്രവര്‍ത്തകന്‍ കൂടിയായ ആലപ്പുഴ നങ്ങ്യാര്‍കുളങ്ങര സ്വദേശി വിക്രമലാല്‍ ആണ്.
'ഒരു നാട്ടില്‍ വെള്ളം കുടിക്കുന്നതിനു പകരം മദ്യപിക്കാനാണ് ഗ്ലാസ് ഉപയോഗിക്കുന്നതെങ്കില്‍ ഗ്ലാസ് ഉപയോഗിക്കുന്നവരെയെല്ലാം മദ്യപാനികളെന്നു കരുതും. അതുപോലെ നല്ല സിനിമകള്‍ കൂടി ചീത്ത സിനിമകള്‍ക്ക് ഇടയില്‍ പെട്ടതോടെ സിനിമ എന്ന കല മോശമാണെന്നു സ്ഥാപിക്കുകയുണ്ടായി. പാശ്ചാത്യലോകം സാംസ്‌കാരിക അധീശത്വം സ്ഥാപിക്കുന്നതു സിനിമയെന്ന ജനകീയ മാധ്യമത്തിലൂടെയാണ്.' ഇതിനെ ചെറുക്കാന്‍ ഇസ്ലാമിക സിനിമയുണ്ടാകണമെന്ന അഭിപ്രായക്കാരനാണ് ഇദ്ദേഹം. ചീത്ത സിനിമകള്‍ക്ക് നല്ല സിനിമകള്‍ കൊണ്ട് മറുപടി.
ഈ ആശയത്തിന്റെ അടിസ്ഥാനത്തിലാണ് സിനിമാശാല സ്ഥാപിക്കുന്നത്. കലയെ സ്‌നേഹിക്കുന്നുണ്ടെങ്കിലും ഇസ്‌ലാം വിശ്വാസത്തില്‍ ഒരുവിധ വിട്ടുവീഴ്ചയ്ക്കും അദ്ദേഹം തയ്യാറല്ല. റിയാദില്‍ മൂന്നു പള്ളികള്‍ നിര്‍മിച്ചു നല്‍കാനും ഇദ്ദേഹത്തിന്റെ സുമനസ് തയ്യാറായി. നാലു ഭാര്യകളിലായി 37 മക്കളും അവരുടെ പേരക്കുട്ടികളുമായി ഒരു വലിയ കുടുംബം മോസയുടെ സ്വപ്നങ്ങള്‍ക്കു കൂട്ടുണ്ട്.
Comments