ആലാഹയുടെ പേരക്കുട്ടി


ആ മരപ്പന്തല്‍ ആടി ഉലയുകയാ.... ഈ നശിച്ച കാറ്റത്തിതു തകര്‍ന്നു താഴെ വീഴും. ഇതിനെ താങ്ങിനിര്‍ത്താന്‍ എനിക്കോ അമ്മാമ്മയ്ക്കോ തീരെ ശക്തിയില്ല. കോക്കാഞ്ചിറയുടെ അടിത്തട്ടുവരെ ഇതു ഇളക്കിമറിക്കും.ആലാഹയുടെ പേരക്കുട്ടിയായ ആനി ഇത്രയും പറഞ്ഞപ്പോള്‍ മഹാരാജാസ്‌ കോളജ്‌ ഓഡിറ്റോറിയം നിര്‍ത്താത്ത കരഘോഷത്തിലായി . എംജി യൂനിവേഴ്സിറ്റി യുവജനോത്സവ നാടകമല്‍സര വേദി. പെയ്തൊഴിയാത്ത ദുരിതം പേറുന്ന ആലാഹയുടെ പെണ്‍മക്കളിലെ ആനിയെന്ന കഥാപാത്രത്തെ വേദിയില്‍ അനശ്വരമാക്കിയ സെന്റ്‌ തേരാസാസ്‌ കോളജിലെ ഡിഗ്ന ജയിംസ്‌ മികച്ച നടിയായി.

വായന ഇഷ്ടഹോബിയാക്കിയ ഡിഗ്ന ആലാഹയുടെ പെണ്‍മക്കള്‍ വായിച്ചതു മൂന്നുതവണ. പുസ്തകം നാടകമാക്കി അഭിനയിക്കാമെന്നു വിചാരിച്ചു വായിച്ചതല്ല. സാറാജോസഫിനു കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡു ലഭിച്ചതിനു ശേഷമാണു പുസ്തകം വായിച്ചത്‌. കഥയും കഥാപാത്രങ്ങളും പരിചയമുള്ളതിനാല്‍ ആനിയെന്ന കഥാപാത്രത്തെ ഡിഗ്ന സ്വയം ഏറ്റെടുക്കുകയായിരുന്നു. സഹോദരരായി തനിക്കും രണ്ടു ചേച്ചിമാരുള്ളതിനാല്‍ സ്ത്രീകള്‍ മാത്രമുള്ള വീട്ടിലെ അന്തരീക്ഷം നന്നായി ഡിഗ്നയ്ക്കറിയാം.

വൈപ്പിന്‍ ഓച്ചിന്‍തുരുത്തു മരക്കാശേരി വീട്ടില്‍ ജയിംസിന്റെയും മേരിക്കുട്ടിയുടെയും മകളാണ്‌ ഈ രണ്ടാം വര്‍ഷ ഫിസിക്സ്‌ ബിരുദ വിദ്യാര്‍ഥി. ചേച്ചിമാരായ ഡയാനയും ഡാലിയയും ഫാര്‍മസിസ്റ്റായി ജോലി ചെയ്യുന്നു. സ്കൂള്‍ യുവജനോത്സവങ്ങളില്‍ മലയാളം പ്രസംഗമത്സരത്തില്‍ ജില്ലാതലത്തില്‍ സമ്മാനം കരസ്ഥമാക്കിയ ഡിഗ്ന മുമ്പും നാടകങ്ങളില്‍ മത്സരിച്ചിട്ടുണ്ട്‌. അഭിനയം സീരിയസായി കൊണ്ടുനടക്കാന്‍ താല്‍പര്യമില്ല. എന്നാല്‍ കോളജു പഠനം കഴിയുന്നതുവരെ നാടകങ്ങളില്‍ അഭിനയിക്കുമെന്നാണ്‌ ഡിഗ്ന പറയുന്നത്‌.


Published : Thursday, November 27, 2008   
http://www.metrovaartha.com/2008/11/27143952/MG-Fest-Best-Actress.html

Comments