ഈ ലോഡ്ജിനുണ്ട്‌ പറയാനേറെ കഥകള്‍


പഴയ റെയില്‍വേ സ്റ്റേഷന്‍ കെട്ടിടം പൊളിഞ്ഞു വീണു. അവശേഷിക്കുന്നവ കാടുപിടിച്ചു. അരനൂറ്റാണ്ടോളം കൊച്ചിയുടെ നിത്യജീവിതത്തിന്റെ ഭാഗമായിരുന്ന റെയില്‍വേ സ്റ്റേഷനായിരുന്നോ ഇതെന്നു സംശയിക്കുന്ന തരത്തില്‍ റെയില്‍പ്പാതകള്‍ മണ്ണിനടിയിലായി. റെയില്‍വേ സ്റ്റേഷന്‍ സൗത്തിലേക്കും നോര്‍ത്തിലേക്കും ട്രാക്കു മാറ്റി. എങ്കിലും റെയില്‍വേ സ്റ്റേഷനിലെത്തുന്നവര്‍ക്കു താമസിക്കുന്നതിനായി നിര്‍മിച്ച ഒരു ലോഡ്ജുണ്ട്‌ ഇപ്പോഴുമിവിടെ തലയെടുപ്പോടെ.

കെ.കെ.ലോഡ്ജെന്നാണ്‌ പേര്‌. ആളും ആരവും ഇല്ലെങ്കിലും ലോഡ്ജിന്റെ പേരു മാറ്റാനോ പൊളിച്ചു കളഞ്ഞു വലിയ കെട്ടിടം പണിയാനോ തയ്യാറല്ല ഇതിന്റെ ഉടമ. 1953 ലാണ്‌ ഇന്നു കാണുന്ന രീതിയില്‍ ലോഡ്ജ്‌ പുതുക്കിപ്പണിതത്‌. ഇതിനും വര്‍ഷങ്ങള്‍ക്കു മുമ്പു തന്നെ ഇവിടം താമസസ്ഥലമായിരുന്നു. ബാബു ലോഡ്ജെന്നായിരുന്നു ആദ്യം പേര്‌. പിന്നീട്‌ കെ.കെ ലോഡ്ജെന്നാക്കി. കൊച്ചിയിലെ സമ്പന്നരായി അറിയപ്പെട്ടിരുന്ന ഖദീജാബായിയുടെ കുടുംബമാണ്‌ ലോഡ്ജ്‌ നിര്‍മിച്ചത്‌. ഇപ്പോള്‍ കെ.കെ. ഇബ്രാഹിമാണ്‌ ഉടമ. തന്റെ കാലശേഷം മാത്രമേ ലോഡ്ജ്‌ പൊളിക്കുകയോ വില്‍ക്കുകയോ ചെയ്യാവൂ എന്നാണു ഇദ്ദേഹം മക്കള്‍ക്കു നല്‍കിയിരിക്കുന്ന നിര്‍ദേശം.

ഇരുപതു മുറികളോടെ 1953 ലാണു ലോഡ്ജ്‌ പുതുക്കിപ്പണിഞ്ഞത്‌. പതിനഞ്ച്‌ സെന്റ്‌ ഭൂമിയിലാണ്‌ കെട്ടിടം. കൊച്ചിയില്‍ വന്നിറങ്ങുന്നവര്‍ താമസിക്കുന്നതിനായി വലയുന്ന കാലം. സാഹിത്യരംഗത്തേയും രാഷ്ട്രീയ രംഗത്തേയും പ്രമുഖര്‍ ഇവിടെ അന്തിയുറങ്ങിയിട്ടുണ്ട്‌. എന്നാല്‍ അധികനാളുകള്‍ നീണ്ടില്ല പ്രതാപകാലം. റെയില്‍വേ സ്റ്റേഷന്‍ ഇവിടെ നിന്നു മാറ്റി. പിന്നെ ചരക്കുവണ്ടികള്‍ മാത്രമായി. ചരക്കുമായി വരുന്നവരും ബിസിനിസുകാരും മാത്രമായി താമസം. എഴുപതുകളില്‍ ഗുഡ്സ്‌ വാഹനവും നിലച്ചു. 1984 വരെ താമസക്കാരുണ്ടായിരുന്നു. ഇപ്പോള്‍ പാഴ്സല്‍, കൊരിയര്‍ സര്‍വീസുകാര്‍ക്കു വാടകയ്ക്കു കൊടുത്തിരിക്കുകയാണ്‌. ഒന്നാമത്തെ നിലയിലെ മിക്ക മുറികളും ഒഴിഞ്ഞുകിടക്കുന്നു. ഹൈക്കോടതിയുടെ പുതിയ മന്ദിരം അടുത്തായതോടെ മുറി വാടകക്കെടുക്കാന്‍ ആവശ്യക്കാര്‍ നിരവധിയാണ്‌.

എന്നാല്‍ ആര്‍ക്കും കൊടുക്കേണ്ടെന്നു പിതാവ്‌ പറഞ്ഞിട്ടുണ്ടെന്നാണ്‌ ഇബ്രാഹിമിന്റെ മകന്‍ താഹ പറയുന്നത്‌. മഹാനഗരമായി മാറിക്കൊണ്ടിരിക്കുന്ന കൊച്ചിയുടെ ഭൂതകാലം ഓര്‍മിപ്പിക്കാന്‍ ഇത്തരം ചില അടയാളങ്ങള്‍ ഇപ്പോഴും അവശേഷിക്കുന്നു.

Comments