വാത്തുരുത്തിയില്‍ നിന്നു തമിഴ്‌നാട്ടിലേക്കുള്ള ദൂരം




കൊച്ചിയിലെ വാത്തുരുത്തിയില്‍ നിന്നു തമിഴ്‌നാട്ടിലേക്ക്‌ എത്ര ദൂരം വരും. കോയമ്പത്തൂര്‍ അതിര്‍ത്തിയിലെത്താന്‍ ഏകദേശം 100 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ മതി. തെരഞ്ഞെടുപ്പായാല്‍ ഈ ദൂരം കുറയുമെന്നു വാത്തുരുത്തിക്കാര്‍ വിശ്വസിക്കുന്നു. തമിഴ്‌നാട്ടുകാര്‍ കൂട്ടത്തോടെ താമസിക്കുന്ന സ്ഥലമാണ്‌ വാത്തുരുത്തി. നിര്‍മാണ ജോലി ഉള്‍പ്പെടെയുള്ള ജോലിക്കെത്തിയവരാണ്‌ അധികവും. തെരഞ്ഞെടുപ്പായാല്‍ തമിഴ്‌നാട്ടിലെ രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ ബസിലും കാറുകളിലുമായി എത്തും തങ്ങളുടെ വോട്ടര്‍മാരെ കൊണ്ടുപോകാന്‍. പ്രചരണത്തിനെത്തുന്നവരുമുണ്ട്‌. ഡി.എം.കീയുടെയും അണ്ണാഡി.എം.കീയുടെയും പ്രവര്‍ത്തകരാണു മുഖ്യമായും എത്തുന്നത്‌. ചില സ്ഥാനാര്‍ഥികള്‍ കൊച്ചിയില്‍ നേരിട്ടെത്തിയിട്ടുണ്ടെന്നു വാത്തുരുത്തിയിലെ താമസക്കാരനായ പനീര്‍ ശെല്‍വം പറഞ്ഞു. 52 കൊല്ലങ്ങള്‍ക്കു മുമ്പു കേരളത്തിലെത്തിയ പെരുമാള്‍ മുതല്‍ രണ്ടാഴ്ച മുമ്പെത്തിയ പൊന്‍ശിവം വരെ ഇവിടുത്തെ അന്തേവാസികളാണ്‌. ഏകദേശം അയ്യായിരത്തോളം പേരാണു വാത്തുരുത്തിയില്‍ താമസിക്കുന്നത്‌.

മധുര,കാമരാജവട്ടത്തുള്ളവ രാണ്‌ അധികവും. ഡിണ്ടുകലില്‍ നിന്നുള്ളവരുമുണ്ട്്‌. വാത്തുരുത്തി റെയ്‌ല്‌വെ പാളത്തിന്‌ എതിര്‍വശത്തുള്ള ഒന്‍പത്‌ ഏക്കറോളം വരുന്ന സ്ഥലത്താണ്‌ ഇവര്‍ തിങ്ങിപ്പാര്‍ക്കുന്നത്‌. മട്ടാഞ്ചേരി സ്വദേശിയായ സക്കറിയാ സേഠിന്റെ കൈവശമുണ്ടായിരുന്ന ഭൂമിയാണു തമിഴ്‌നാട്ടുകാര്‍ വിലയ്ക്കു വാങ്ങി താമസം ആരംഭിച്ചത്‌. മലയാളികളില്‍ ചിലരും സ്ഥലം വാങ്ങി തമിഴര്‍ക്കു വീടു വച്ചുനല്‍കി. ഓരോ വീടുകളിലും അഞ്ചും ആറും കുടുംബങ്ങളുണ്ട്‌. 1956-ല്‍ രണ്ടായിരം രൂപയായിരുന്നു അഞ്ചര സെന്റ്‌ അടങ്ങിയ ഒരു പ്ലോട്ടിന്‌ വില. ഇപ്പോള്‍ ലക്ഷങ്ങളാണ്‌. റെയ്‌ല്‌വെ ഭൂമി കൈ യേറി വീടു കെട്ടി വാടകയ്ക്കു നല്‍കിയ മലയാളികളുമുണ്ട്‌.

ആകെ തമിഴ്‌ ചുവയാണ്‌ ഈ ഗ്രാമത്തിന്‌. എങ്ങും തമിഴ്‌ മയം. ചായക്കടയില്‍ തമിഴ്‌ പാട്ട്‌. കടകളുടെ ബോര്‍ഡ്‌ തമിഴില്‍. പള്ളിയും അമ്പലവും എല്ലാം തമിഴ്‌നാട്ടിലേതു പോലെ. വീടുകള്‍ക്ക്‌ മുന്നില്‍ കോലം വരച്ചിരിക്കുന്നതു കണ്ടാല്‍ തമിഴ്‌ ഗ്രാമത്തില്‍ എത്തിയ പ്രതീതിയാകും. ജോലിക്കു പോകുന്നതും വരുന്നതും കൂട്ടത്തോടെ. വീടിനു മുന്നില്‍ കൂട്ടത്തോടെ നിന്നാണു വസ്ത്രം അല ക്കലും.

മലയാളം വായിക്കാന്‍ അറിയില്ലാത്ത ഇവരുടെ ഏക ആശ്രയം വൈകുന്നേരം കിട്ടുന്ന തമിഴ്‌ പത്രങ്ങളാണ്‌. ആരെങ്കിലും ഒരാള്‍ ബസ്‌ സ്റ്റാന്‍ഡില്‍ പോയി പത്രം വാങ്ങിവരും. പിന്നെ ഒരാള്‍ ഉറക്കെ വായിക്കും. മറ്റുള്ളവര്‍ അടുത്തിരുന്നു കേള്‍ക്കും. ടി.വിയും റേഡിയോയും മിക്ക വീടുകളിലുമായെങ്കിലും എഫ്‌.എം റേഡിയോ പരിപാടികള്‍ തമിഴരുടെ ഹരമാണ്‌. പാലാരിവട്ടത്തും കലൂരും രാവിലെ ഏഴിന്‌ എത്തിയാണ്‌ ഇവിടത്തുകാര്‍ ജോലി തേടി പോകുന്നത്‌. കൃഷിപ്പണികള്‍ ചെയ്യിപ്പിക്കാനായി രാവിലെ ഇവിടെ എത്തുന്ന നഗരവാസിയോടൊപ്പം പെട്ടിഓട്ടോയിലും ബസിലുമായി പോകുന്ന തമിഴ്‌നാട്ടുകാര്‍ സ്ഥിരം കാഴ്ചയാണ്‌.

വോട്ടു ചെയ്യാന്‍ പോകുന്നതിനു ചിലര്‍ക്കു ബസുകൂലി നല്‍കും. പിന്നെ ചെലവും. സ്വന്തം വീട്ടിലേക്കു രാഷ്ട്രീയക്കാരുടെ ചെലവില്‍ പോകാമെന്നതിനാല്‍ വാത്തുരുത്തിക്കാര്‍ക്കു തെരഞ്ഞെടുപ്പ്‌ അടുത്താല്‍ ആഘോഷമാണ്‌. ഇതോടനുബന്ധിച്ച്‌ അവധിയ്ക്കു തയ്യാറെടുക്കുന്നവരുമുണ്ട്‌. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പുള്ള രണ്ടോ മൂന്നോ മാസക്കാലം നാട്ടില്‍ പോകാത്തവരുമുണ്ട്‌.

രണ്ടായിരത്തോളം കുടുംബങ്ങള്‍ 20 വര്‍ഷത്തിനു മുമ്പേ ഇവിടെ വന്നു താമസിക്കുന്നുണ്ടെങ്കിലും കേരളത്തില്‍ നിന്ന്‌ റേഷന്‍ കാര്‍ഡ്‌ ലഭിച്ചവര്‍ കുറവാണ്‌. കേരളത്തില്‍ വോട്ടവകാശമുള്ളവര്‍ നൂറില്‍ താഴെ. സ്വന്തമായി വീടും സ്ഥലവും ഉള്ളവരും ഇവിടുണ്ട്‌. വാടകയ്ക്കു താമസിക്കുന്നവരാണ്‌ അധികവും.

Published : Thursday, March 12, 2009
 
 
http://116.214.26.202/2009/03/12232804/travel.html 

Comments