ബാങ്കുകളുടെ റോഡ്‌

രണ്ടുകിലോമീറ്ററിനുള്ളില്‍ നൂറോളം ബാങ്കുകള്‍. സ്വിറ്റ്സര്‍ലന്റിലേയും മലേഷ്യയിലേയുമൊന്നും കാഴ്ചയല്ലിത്‌. കൊച്ചിയിലെ എം.ജി റോഡിലൂടെ ഒന്നു നടന്നാല്‍ കാണാം റോഡിനിരുവശവും ബാങ്കുകളുടെ നീണ്ടനിര. ഇന്ത്യയിലെ ഒട്ടുമിക്ക ബാങ്കുകള്‍ക്കും ഇവിടെ ശാഖകളുണ്ട്‌. ദേശസാല്‍കൃത ബാങ്കുകളും ഷെഡ്യൂള്‍ ബാങ്കുകളും ഇതില്‍ ഉള്‍പ്പെടും. ന്യൂജനറേഷന്‍ ബാങ്കുകളുടെ കടന്നുകയറ്റമാണ്‌ എം.ജി റോഡിനെ ബാങ്കുകളുടെ റോഡാക്കുന്നത്‌.


നാലോ അതിലധികമോ ശാഖകള്‍ ഇവിടെ ആരംഭിച്ച ബാങ്കുകളുമുണ്ട്‌. സെഞ്ചൂറിയന്‍ ബാങ്കുമായുള്ള ലയനത്തിന്‌ ശേഷം എച്ച്‌.ഡി.എഫ്‌.സി ബാങ്കിന്‌ ഇവിടെ അഞ്ചു ശാഖകളുണ്ട്‌. കേരളത്തില്‍ ഏകശാഖ മാത്രമുള്ള ബാങ്കുകളും ഇവിടെക്കാണാം. നഗരത്തിലെത്തുന്ന ആര്‍ക്കും ബാങ്കിങ്ങിനു ബുദ്ധിമുട്ടേണ്ടി വരില്ല. രാജസ്ഥാന്‍ ബാങ്ക്‌, അലഹബാദ്‌ ബാങ്ക്‌, ഗ്രിന്‍ഡ്ലെയ്സ്‌, ബാങ്ക്‌ ഓഫ്‌ ഇന്ത്യ, മധുര ബാങ്ക്‌, സെന്‍ട്രല്‍ ബാങ്ക്‌, സിറ്റി യൂണിയന്‍ ബാങ്ക്‌, സിറ്റി ബാങ്ക്‌, കോര്‍പറേഷന്‍ ബാങ്ക്‌, ഐ.ഡി.എഫ്‌.സി, ഐ.സി.ഐ.സി.ഐ, ഇന്ത്യന്‍ ബാങ്ക്‌, ഇന്ത്യന്‍ ഓവര്‍സീസ്‌ ബാങ്ക്‌ ഇങ്ങനെ പോകുന്നു ബാങ്കുകളുടെ നിര. ഒമാന്‍ ഇന്റര്‍നാഷണല്‍ ബാങ്കിനും ഇവിടെ ബ്രാഞ്ചുണ്ട്‌.
കൊടക്‌ മഹീന്ദ്ര, യൂക്കോബാങ്ക്‌, അഗ്രികള്‍ച്ചര്‍ ബാങ്ക്‌ എന്നിവയും എം.ജി റോഡിലുണ്ട്‌. നിരവധി വിദേശ പണവിനിമയ കേന്ദ്രങ്ങളും എം.ജി.റോഡിന്‌ സമീപത്തുണ്ട്‌. മിക്കവയും സ്വകാര്യ കമ്പനികളാണെന്നു മാത്രം. കറന്‍സി ട്രേഡിങ്‌ നടത്തുന്ന സ്ഥാപനങ്ങളും നിരവധി. അമ്പത്തിയൊന്ന്‌ എ.ടി.എം ശാഖകളാണ്‌ ഈ റോഡിനിരുവശങ്ങളിലുമുള്ളത്‌. കഴിഞ്ഞ അഞ്ചുകൊല്ലത്തിനകമാണ്‌ ബാങ്കുകളുടെ എണ്ണത്തില്‍ ഇത്രയധികം വര്‍ധനവുണ്ടായത്‌.കൊച്ചിയുടെ ഹൃദയ പാതയായ എം.ജി റോഡിനു സമീപത്തെ ഭൂമി കേരളത്തില്‍ ഏറ്റവും വിലയേറിയതാണ്‌.
 സെന്റിന്‌ 65 ലക്ഷം രൂപ. ഇതു സര്‍ക്കാര്‍ കണക്ക്‌. യഥാര്‍ഥ വില ഇതിന്റെ മൂന്നിരട്ടിവരും. ബാങ്കുകളാണ്‌ ഇവിടെയുള്ള കെട്ടിടങ്ങള്‍ മോഹവിലയ്ക്കെടുക്കുന്നവരില്‍ അധികവും. എം.ജി റോഡില്‍ ബ്രാഞ്ചെന്നത്‌ എല്ലാ ബാങ്കുകളുടെയും സ്വപ്നമാണ്‌. ഏതു ബാങ്കിന്റേയും ബ്രാഞ്ചന്വേഷിച്ചു കഷ്ടപ്പെടേണ്ട. നേരെ എം.ജി റോഡിലേയ്ക്കു വിട്ടോളു. അവിടെയില്ലാത്തത്‌ മേറ്റ്ങ്ങുമുണ്ടാവില്ല.

Comments